ഓണാഘോഷം തുടങ്ങി,ഫഹദ് ഫാസിലും മല്ലിക സാരാഭായിയുമുൾപ്പെടെയുള്ള പ്രമുഖർ തലസ്ഥാന നഗരിയിൽ

തിരുവനന്തപുരം: ഇനി ഏഴ് ദിനങ്ങൾ തലസ്ഥാന നഗരിയിൽ ഉത്സവാഘോഷമാണ്. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം.  നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം ഉദ്ഘാടനം ചെയ്യും.ഫഹദ് ഫാസിലും മല്ലിക സാരാഭായിയും മുഖ്യാതിഥികളായി പങ്കെടുക്കും.

കനകക്കുന്ന് ഉൾപ്പെടെ 31 വേദികളിലായി വിവിധ കലാപരിപാടികൾ നടക്കും. കനകക്കുന്നിൽ മാത്രം അഞ്ച് വേദികളുണ്ട്. 800 അധികം കലാകാരന്മാരാണ് ഇതിനായി എത്തുന്നത്.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും അരങ്ങേറും.  ബിജുനാരായണന്‍-റിമി ടോമി സംഘത്തിന്റെ സംഗീതനിശ നടക്കും.

എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് കനകക്കുന്നില്‍ ലേസര്‍ ഷോ അരങ്ങേറും. വെള്ളയമ്പലത്തു നിന്ന് ആരംഭിക്കുന്ന സമാപന ഘോഷയാത്രയോടെ സെപ്റ്റംബർ രണ്ടിന് വാരാഘോഷം സമാപിക്കും.