റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം: ആലംകോട് പാലാംകോണത്ത് ബൈപാസ് നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു,5 പേര്‍ക്ക് പരിക്കേറ്റു..മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരണപ്പെട്ടത്.പാലാംകോണം കാറ്റാടിമുക്ക് ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.

കിളിമാനൂർ സ്വദേശി അക്ഷയ്(22), കടയ്ക്കാവൂർ സ്വദേശി ബ്രൗൺ(21), അഞ്ചുതെങ്ങ് സ്വദേശി ഫ്ലമിൻസ്(23), കടയ്ക്കാവൂർ സ്വദേശി സ്റ്റീഫൻ(21), വക്കം സ്വദേശി വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റത്.കാറിൽ ആറു പേരാണ് ഉണ്ടായിരുന്നത്.ബൈപാസ് നിർമാണത്തിന്റെ ഭാഗമായി ആലംകോട് മണനാക്ക് റോഡിൽ കാറ്റാടിമുക്ക് ജംഗ്ഷനിൽ റോഡ് വലിയ രീതിയിൽ കുഴിച്ചിട്ടുണ്ട്. കുഴിയുടെ സൈഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.

തെരുവ് വിളക്കുകൾ പോലും ഇല്ലാത്തതിനാൽ രാത്രിയിൽ വാഹനങ്ങൾ കുഴിയുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ് കുഴിയുള്ള വിവരം അറിയാന്‍ സാധിക്കുകയെന്ന് യാത്രക്കാർ പറയുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരും ആറ്റിങ്ങൽ ഫയർ ഫോഴ്സും എത്തിയാണ് വാഹനത്തിൽ നിന്ന് പുറത്തെടുത്തത്.തൊപ്പിച്ചന്ത ഭാഗത്തു നിന്നും ആലംകോട് ഭാഗത്തേക്ക്‌ പോയ മാരുതി സുസുക്കി സിയാസ് കാർ ആണ് അപകടത്തിൽ പെട്ടത്.