ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡെപ്യൂട്ടി സ്പീക്കർ കസേരയിൽ ഇതുവരെ ആളില്ല.രാഷ്ട്രീയ കാരണങ്ങൾ മാറ്റിനിർത്തിയാൽ, ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാൻ ഒരു സർക്കാരിനും ഇത്രയും സമയം വേണ്ടിവന്നിട്ടില്ല.
മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിലെത്തിയിട്ട് നാലു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. നിലവിലെ സർക്കാരിന് ഇനി രണ്ട് പാർലമെന്റ് സമ്മേളനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.ശീതകാലസമ്മേളവും ബജറ്റ് സെഷനും.ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഡെപ്യൂട്ടി സ്പീക്കർ തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ചോദിച്ചു.
ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ പലതവണ ഇക്കാര്യം ഓർമിപ്പിച്ചിട്ടും ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ഉണ്ടായിട്ടുമില്ല.”ഡപ്യൂട്ടി സ്പീക്കറുടെ കസേര ഇത്ര നാളായും ഒഴിഞ്ഞു കിടക്കുകയാണ്. അദ്ദേഹത്തിന്റെ ഓഫീസ് പൂട്ടിയിരിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിക്ക് ആ സ്ഥാനം നൽകാൻ സ്പീക്കർ ആഗ്രഹിക്കുന്നില്ല. ഇതാണ് ഈ പദവിയിലേക്ക് ആരെയും തിരഞ്ഞെടുക്കാത്തതിനു കാരണം”കോൺഗ്രസിന്റെ ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോർ ഈ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തി.
ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കണമെങ്കിൽ, ലോക്‌സഭാ സെക്രട്ടേറിയറ്റ് സ്പീക്കറുടെ അംഗീകാരത്തോടെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം.ഈ കസേര ഇത്രയും കാലം ഒഴിഞ്ഞുകിടക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങൾക്ക് യോജിച്ചതല്ല.ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പൊതുവേ പ്രതിപക്ഷത്തിന് നൽകുന്നതാണ് പാർലമെന്ററി പാരമ്പര്യം.ഡിഎംകെയുടെ എം തമ്പി ദുരൈ ആയിരുന്നു ഇന്ത്യൻ പാർലമെന്റിലെ അവസാനത്തെ ഡെപ്യൂട്ടി സ്പീക്കർ. ടാഗോർ പറഞ്ഞു.
സ്പീക്കർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ, എതിരില്ലാതെ ഈ സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കാം. വോട്ടെടുപ്പ് നടന്നാൽ, പ്രതിപക്ഷ പാർട്ടികൾക്ക് ഒരുമിച്ച് ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്താമെന്നും ലോക്‌സഭയിൽ അവർക്കുള്ള എംപിമാരുടെ ആകെ എണ്ണമാകും കണക്കാക്കുകയെന്നും ഭരണഘടനാ വിദഗ്‌ധർ അഭിപ്രായപ്പെട്ടു.