ഛര്‍ദിക്കാനായി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവതിക്ക് ദാരുണാന്ത്യം

ഡൽഹി : ബസ് യാത്രയ്ക്കിടെ ഛര്‍ദിക്കാനായി ജനലിലൂടെ തല പുറത്തേക്കിട്ട യുവതി ബസിനെ മറികടന്നെത്തിയ വാഹനമിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ് ഗഢില്‍ നിന്നിള്ള ബബ്ലി കുമാരി (20) യാണ് അതിദാരുണമായി മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു.ഔട്ടർ ഡൽഹിയിലെ നരേലയിലാണ് സംഭവം. ഹരിയാന റോഡ്‌വേയ്‌സ് ബസിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഛര്‍ദിക്കാനായി തലപുറത്തേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്.

രണ്ട് വാഹനങ്ങള്‍ക്കുമിടയില്‍ യുവതിയുടെ തല ഞെരിഞ്ഞമര്‍ന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.രക്ഷാബന്ധൻ ആഘോഷങ്ങൾക്കായി സഹോദരൻ സന്ദീപിനെ കാണാൻ ലുധിയാനയിലേക്ക് പോകുകയായിരുന്നു ബബ്ലി കുമാരി. യുവതിയുടെ സഹോദരിയും ഭര്‍ത്താവും മൂന്ന് കുട്ടികള്‍ക്കുമൊപ്പമായിരുന്നു ഇവര്‍ ലുധിയാനയിലേക്ക് പോയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു