ന്യൂ ഡൽഹി : രാജ്യത്ത് സൈബർ ക്രൈം ഏറെ വർദ്ധിച്ച സാഹചര്യത്തിൽ സിം കാർഡ് സംബന്ധിച്ച നിയമങ്ങളിൽ അടിമുടി മാറ്റം വരുത്താനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ.സിം കാർഡ് സംബന്ധിച്ച പുതിയ നിയമങ്ങൾ ഒക്‌ടോബർ 1 മുതൽ നിലവിൽ വരും. രാജ്യത്തുടനീളം സിം കാർഡുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് വിൽക്കപ്പെടുന്ന ഓരോ സിം കാർഡും സുരക്ഷിതവും വിശ്വസനീയവുമായ കൈകളിലാണ് എത്തുന്നത് എന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമങ്ങൾ.
സിം കാർഡ് വിൽപ്പനക്കാർ പുതിയ സിം കാർഡ് വാങ്ങുന്നയാളുടെ പശ്ചാത്തലം പരിശോധിക്കണം. സമർപ്പിക്കുന്ന രേഖകൾ വ്യാജമാണോ എന്ന് പരിശോധിക്കണം. അല്ലെങ്കിൽ ഡീലർക്ക് സർക്കാർ 10 ലക്ഷം രൂപ വരെ പിഴ ചുമത്താം.വൻകിട ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ വിൽക്കുന്ന കടകളും നിരീക്ഷിക്കേണ്ടതുണ്ട്. ഈ കടകൾ പൂർണ്ണമായും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കണം. എല്ലാ സിം കാർഡ് വിൽപ്പന കേന്ദ്രങ്ങളും സെപ്റ്റംബർ 30-ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
പഴയ സിം കാർഡ് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താലും പുതിയ സിം കാർഡ് വാങ്ങാൻ ഉപഭോക്താവ് പുതിയ സിം വാങ്ങുമ്പോഴുള്ള അതേ നടപടികൾ തന്നെ പാലിക്കേണ്ടതുണ്ട്. സിം കാർഡുകൾ സംബന്ധിച്ച പുതിയ നിയമങ്ങൾ ഉപഭോക്താക്കളുടെ സുരക്ഷിതമായ ഫോൺ ഉപയോഗത്തിനും സൈബർ തട്ടിപ്പ് തടയുന്നതും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.
അസം, കാശ്മീർ, നോർത്ത് ഈസ്റ്റ് തുടങ്ങിയ ചില പ്രദേശങ്ങളിലെ സിം കാർഡ് ഡീലർമാർ പോലീസ് വേരിഫിക്കേഷന് വിധേയരായാൽ മാത്രമേ പുതിയ സിം കാർഡുകൾ വിൽക്കാൻ സാധിക്കൂയെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദ്ദേശിക്കുന്നു.