പ്രസിഡൻ്റ് ഓഫ് ഭാരത്, പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്,ഇന്ത്യ മാറ്റി ഭാരത് എന്നാക്കാൻ നീക്കം

ന്യൂഡൽഹി: സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന അത്താഴവിരുന്നിലേക്ക് ജി20 നേതാക്കന്മാരെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു നൽകിയ കത്തിൽ ‘ഇന്ത്യൻ പ്രസിഡന്റ്’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരിലാണ് രാഷ്ട്രപതിയുടെ കത്ത്.ഇപ്പോൾ സമാനമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്തോനേഷ്യയിൽ നടക്കുന്ന 20-ാമത് ആസിയാൻ – ഇന്ത്യ ഉച്ചകോടിക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഔദ്യോഗിക കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തിൻ്റെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായാണ് സൂചന. 6, 7 തീയതികളിൽ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ നടക്കുന്ന ഇരുപതാമത് ആസിയാൻ – ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിൽ എത്തി. ആസിയാൻ രാജ്യങ്ങളുടെ നിലവിലെ അധ്യക്ഷപദവി ഇന്തോനേഷ്യയ്ക്കാണ്.മോദിയുടെ ദക്ഷിണാഫ്രിക്കൻ, ഗ്രീസ് സന്ദർശനങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി എന്നതിന് പകരം പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

രാജ്യത്തിൻ്റെ പേരുമാറ്റം ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമാണെന്ന കോൺഗ്രസിന്റെ എതിർപ്പുകൾ അവഗണിച്ച കേന്ദ്ര സർക്കാർ ഇന്ത്യ എന്ന പേരുമാറ്റി ഭാരത് എന്നാക്കി രേഖകളിൽ ചേർക്കാനുള്ള നീക്കത്തിലാണ്. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കം.