ന്യൂഡൽഹി : സെപ്റ്റംബർ 9-10 തീയതികളിൽ നടക്കുന്ന G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ ബൈഡൻ ന്യൂഡൽഹിയിൽ എത്തിച്ചേരും. G20 ഉച്ചകോടിയിൽ രാജ്യം കാത്തിരിയ്ക്കുന്ന ഒന്നാണ് പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച..
വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ-യുഎസ് സമഗ്ര ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും ഊന്നൽ നൽകിയേക്കും.ലോകം ഇന്ന് അഭിമുഖീകരിയ്ക്കുന്ന ചില ഗുരുതരമായ വെല്ലുവിളികളെ നേരിടുന്നതിൽ ഇരു രാജ്യങ്ങൾക്കും എങ്ങനെ സംഭാവന നൽകാമെന്നും ചർച്ചയുണ്ടാകും.
ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം, പ്രതിരോധ സഹകരണം, തീവ്രവാദ വിരുദ്ധ, സുരക്ഷാ സഹകരണം, സൈബർ സുരക്ഷാ സഹകരണം, വ്യാപാര സാമ്പത്തിക ബന്ധങ്ങൾ, ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊർജ മേഖല, കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശ സഹകരണം, ആരോഗ്യം, വിദ്യാഭ്യാസ സാംസ്കാരിക സഹകരണം, ഇന്തോ പസഫിക്, സാങ്കേതികവിദ്യ, വിസ സംവിധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും എന്നാണ് സൂചനകൾ.
G20 അംഗരാജ്യങ്ങൾ ആഗോള ജിഡിപിയുടെ ഏകദേശം 85 ശതമാനവും ആഗോള വ്യാപാരത്തിന്‍റെ 75 ശതമാനത്തിലേറെയും ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്നു.G20 ഗ്രൂപ്പിൽ അർജനന്‍റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ന്യൂഡൽഹിയിൽ എത്തുന്ന ബൈഡൻ ജി20 ഉച്ചകോടിക്ക് ശേഷം ഞായറാഴ്ച വിയറ്റ്നാമിലേക്ക് പോകും. അമേരിക്കൻ പ്രസിഡന്‍റെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.