രാത്രി കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: രാത്രി കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം. യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു.ഭർത്താവ് എത്തി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പിടികൂടി പൊലീസിലേൽപ്പിച്ചു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് ആയ പ്രമോദ് ആണ് അറസ്റ്റിലായത്.

തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിലേക്ക് കെഎസ്ആർടിസിയിൽ നൈറ്റ് ഡ്യൂട്ടിക്ക് വരികയായിരുന്ന വട്ടപ്പാറ മരുതുമൂട് സ്വദേശി പ്രമോദ് മേപ്പൂക്കട ഭാഗത്ത് വെച്ച് മുൻ സീറ്റിൽ ഇരുന്ന ഗർഭിണിയായ യുവതിക്ക് നേരെ അതിക്രമം കാട്ടുകയായിരുന്നു.ബസിൽ വച്ച് കയറി പിടിക്കാൻ ശ്രമിച്ച കൈ രണ്ടുതവണ തട്ടി എറിഞ്ഞിട്ടും വീണ്ടും ഇയാൾ ശരീരത്തിൽ തൊട്ടതോടെയാണ് യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്.

കാട്ടാക്കട ബസ് സ്റ്റാൻഡിൽ കാത്തുനിന്ന് ബസ് എത്തിയ ഉടനെ ഇയാളെ പിടിച്ചു ഇറക്കുകയും സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട പൊലീസിന് കൈമാറുകയുമായിരുന്നു. യുവാവ് അതിക്രമം നടത്തിയത് മലയിൻകീഴ് പൊലീസ് സ്റ്റേഷന് പരിധിയിൽ ആയതിനാൽ കസ്റ്റഡിയിലെടുത്ത ഇയാളെ മലയിൻകീഴ് പോലീസിന് കൈമാറും.യുവതിയുടെയും ഭർത്താവിന്റേയും പരാതിയിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു.