തൃശൂർ: ചിറക്കാക്കോട്ടിൽ കുടുംബ വഴക്കിനെത്തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി പിതാവ്. സംഭവത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടേക്കാടൻ വീട്ടിൽ ജോൺസനാണ് വ്യാഴാഴ്ച പുലർച്ചെ മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
സംഭവത്തിൽ കൊട്ടേക്കാടൻ വീട്ടിൽ ജോജി, ഭാര്യ ലിജി, മകൻ ടെണ്ടുൽക്കർ എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. രണ്ടു വർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. സംഭവത്തിൽ ജോൺസനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. പോലീസ് നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച നിലയിൽ അവശനിലയിൽ ജോൺസനെ വീടിൻറെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു.പൊള്ളലേറ്റ ജോജിയുടെയും മകൻ ടെണ്ടുൽക്കറിന്റെയും നില ഗുരുതരമാണ്. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജോജിയും കുടുംബവും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോൺസണെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.