‘സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയ മതം’; യോഗി ആദിത്യനാഥ്

സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിനായി ജീവിക്കുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ കഴിയില്ല. ഭാരതത്തിൽ ജീവിക്കുന്ന ചിലർ ഇപ്പോഴും സനാതന ധർമ്മത്തെ അവഹേളിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ആദിത്യനാഥ്. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘പുരാതന കാലം മുതൽ ആക്രമിക്കപ്പെട്ട സനാതന ധർമ്മത്തെ ഇപ്പോഴും ഭാരതത്തിൽ ജീവിക്കുന്ന ചിലർ അപമാനിക്കുന്നത് ദൗർഭാഗ്യകരമാണ്. സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതമാണ്. സനാതന ധർമ്മത്തിൻ്റെ നിത്യതയെ ആർക്കും ചോദ്യം ചെയ്യാനാവില്ല. സനാതന ധർമ്മത്തെ പോലെ, ദൈവത്തിന്റെ വാസ്തവികത്വവും ചോദ്യം ചെയ്യപ്പെടുകയാണ്’ – യുപി മുഖ്യമന്ത്രി പറഞ്ഞു.

ഇന്നും ഭാരതത്തിൽ ജീവിക്കുന്ന പലരും സനാതന ധർമ്മത്തെ അപമാനിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഇന്ത്യൻ മൂല്യങ്ങളെയും ആദർശങ്ങളെയും തത്വങ്ങളെയും ആക്രമിക്കാനുള്ള ഒരു അവസരവും ഇത്തരക്കാർ പാഴാക്കുന്നില്ലെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. “രാവണൻ പോലും ദൈവത്തിന്റെ യാഥാർത്ഥ്യത്തെ ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ അതിന്റെ ഫലമെന്താണ്? രാവണൻ തന്റെ അഹംഭാവത്താൽ നശിപ്പിക്കപ്പെട്ടു” അദ്ദേഹം പറഞ്ഞു.