നരേന്ദ്രമോദി സര്‍ക്കാറിൻറെ പരിഷ്‌കാരങ്ങൾ ന്യൂനപക്ഷങ്ങളിൽ പ്രചരിപ്പിക്കാൻ മുസ്ലീം നേതാക്കളെ നിയമിക്കുന്നു ബിജെപി

മുംബൈ : ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ന്യൂനപക്ഷങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താൻ മുസ്ലീം നേതാക്കളെ നിയമിക്കാനൊരുങ്ങി ബിജെപി. പ്രചാരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള 48 നേതാക്കളെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി പദ്ധതിയിടുന്നുവെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെപ്പറ്റി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രചാരണം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുല പറഞ്ഞു.

” മുസ്ലീം സമുദായത്തിന്റെ സ്‌നേഹം ആവോളം ആസ്വദിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി സര്‍ക്കാരിന്റെ നയങ്ങളെപ്പറ്റി ന്യൂനപക്ഷങ്ങളെ ബോധവല്‍ക്കരിക്കാനായി മുസ്ലീം സമുദായത്തിലെ 48 നേതാക്കളെ നിയമിക്കാന്‍ പാര്‍ട്ടി പദ്ധതിയിടുന്നു. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിലേക്കായിരിക്കും ഇവരെ നിയമിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അനുകൂലമായി മുസ്ലീങ്ങള്‍ വോട്ട് ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,” എന്നും ബവന്‍കുല പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ (I.N.D.I.A) ആദ്യ ഏകോപന സമിതി യോഗം ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നിരുന്നു. എന്‍സിപി നേതാവ് ശരദ് പവാറിന്റെ ഡല്‍ഹിയിലുള്ള വസതിയില്‍ വെച്ച്‌ അടുത്ത യോഗം നടക്കും.പ്രതിപക്ഷ സഖ്യത്തിലെ 14 അംഗങ്ങൾ പങ്കെടുക്കുന്ന യോഗത്തില്‍ പ്രതിപക്ഷത്തിനെതിരെ അന്വേഷണ ഏജന്‍സികളെ തിരിച്ചുവിടുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.