മൺത്തിട്ടയിൽ ഇടിച്ചുകയറിയ ആഡംബര ക്രൂയിസ് കപ്പൽ യാത്രികരെ ഉടൻ രക്ഷിക്കാനാകില്ലെന്ന് ഡെന്മാർക്ക്

ഗ്രീൻലാൻഡ്: മൺത്തിട്ടയിൽ ഇടിച്ചുകയറിയ ആഡംബര ക്രൂയിസ് കപ്പൽ യാത്രികരെ ഉടൻ രക്ഷിക്കാനാകില്ലെന്നും കപ്പൽ ഉറഞ്ഞ നിലയിലുമാണെന്നും ഡെന്മാർക്ക് ജോയിന്റ് ആർട്ടിക് കമാൻഡ്  പ്രസ്താവനയിലൂടെ അറിയിച്ചു.തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് പടിഞ്ഞാറൻ ഗ്രീൻലാൻഡിന് സമീപം മോശം കാലാവസ്ഥയെ തുടർന്നാണ് കപ്പൽ മൺത്തിട്ടയിൽ ഇടിച്ചുകയറിയത്.

206 യാത്രക്കാരുമായി പോയ കപ്പൽ അപ്രതീക്ഷിതമായി മൺത്തിട്ടയിൽ ഇടിച്ചുകയറുകയും തുടർന്ന് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥഉണ്ടാകുകയുമായിരുന്നു.കരയിൽ നിന്ന് ഏറെ അകലെയാണ് കപ്പലെന്നും പെട്ടെന്നുള്ള സഹായം നൽകാൻ സാധിക്കില്ലെന്നും ജെഎസി അറിയിച്ചു.രക്ഷാപ്രവർത്തകർ ഇന്ന് കപ്പലിന് സമീപം എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ശക്തമായ മഞ്ഞുപാളികളെ പോലും തകർത്ത് മുന്നേറാൻ സാധിക്കുന്ന അറോറ എക്‌സ്‌പെഡിഷൻസിന്റെ 104 മീറ്റർ നീളമുള്ള കപ്പൽ ചെളിയും മണ്ണും അടിഞ്ഞ പ്രദേശത്താണ് ഉറച്ചത്. രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന ഏറ്റവും അടുത്തുള്ള കപ്പൽ കുടുങ്ങിക്കിടക്കുന്ന കപ്പലുമായി 1,200 നോട്ടിക്കൽ മൈൽ അകലെയാണുള്ളത്. മോശം കാലാവസ്ഥയാണുള്ളത്. കപ്പലിലെ യാത്രക്കാരുടെ ജീവന് ഭീഷണിയില്ലാത്തത് ആശ്വാസകരമായ കാര്യമാണിതെന്ന് ജെഎസി വ്യക്തമാക്കി.

കപ്പലിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി അറിയിച്ചു. ഒരു ടിക്കറ്റിന് 11 ലക്ഷം മുതൽ 27 ലക്ഷം വരെയാണ് അറോറ എക്‌സ്‌പെഡിഷൻസ് വേലിയേറ്റ സമയത്തുള്ള  പോളാർ യാത്രകൾക്ക് ഈടാക്കുന്നത്.