വാഹനാപകടത്തിൽ പരിക്കേറ്റ സംവിധായകനും നടനുമായ ജോയ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങളെ വിമര്‍ശിച്ച ജോയ് മാത്യുവിന് മറുപടിയുമായി ഡിവൈഎഫ്‌ഐ. അപകടത്തിൽപെട്ട ജോയ് മാത്യുവിനെ ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് സംസ്ഥാന പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ അവകാശപ്പെട്ടിട്ടുണ്ടെങ്കിൽ അതു പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സനോജ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
” ജോയ് മാത്യുവിന് ഒരു തുറന്ന കത്ത്.
മിസ്റ്റർ ജോയ് മാത്യു,
വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന താങ്കളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവാനായി താങ്കളുടെ കർമ്മ മണ്ഡലത്തിൽ തിരികെ എത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
അപകടത്തിൽപെട്ട താങ്കളെ ആശുപത്രിയിലെത്തിച്ച വിഷയവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയെ പരിഹസിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ള താങ്കളുടെ കുറിപ്പ് മാധ്യമങ്ങൾ വഴി കാണുകയുണ്ടായി. ആദ്യം തന്നെ പറയട്ടെ, അപകട സ്ഥലത്ത് നിന്ന് താങ്കളെ ആശുപത്രിയിലെത്തിച്ച മനുഷ്യൻ ആരായാലും അയാളിലെ ഉദാത്തമായ മാനവിക മൂല്യത്തെ ഡി.വൈ.എഫ്.ഐ. ആദരിക്കുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി താങ്കളെ ബാധിച്ച ഇടതു വിരുദ്ധത സമൂഹത്തിന് ഒരു പുതിയ അറിവല്ല. ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തിൽ വന്ന കാലത്ത് ആ ഗവണ്മെന്റിനേയും പാർട്ടിയേയും പുരോഗമന പ്രസ്ഥാനങ്ങളേയും പ്രകീർത്തിച്ച് സംസാരിച്ച നിങ്ങൾ ഇപ്പോൾ മോദിയേയും രാഹുൽ ഗാന്ധിയേയും തരം പോലെ പുകഴ്ത്തുകയും, ഇടതു പുരോഗമന പ്രസ്ഥാനങ്ങളെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നത് ആഗ്രഹിച്ച ഏതെങ്കിലും കാര്യം നടക്കാത്തതിലുള്ള ഇച്ഛാഭംഗമാണോ എന്നറിയില്ല.
ഏതായാലും വിഷയം അതല്ല. താങ്കളെ ആശുപത്രിയിലെത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് പ്രചരണം നടക്കുന്നുണ്ട് എന്നാണ് താങ്കൾ ആരോപിക്കുന്നത്. ആരാണ് അങ്ങനെ പ്രചാരണം നടത്തുന്നത്? ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന- പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാവോ പ്രവർത്തകനോ അങ്ങനെ അവകാശപ്പെട്ടോ? ഉണ്ടെങ്കിൽ താങ്കൾക്ക് അത് പൊതുസമൂഹത്തിന് മുന്നിൽ നൽകാവുന്നതാണ്.
ഇടതു വിരുദ്ധ മെറ്റീരിയലുകൾ സർക്കാസം പോലെ ഉൽപ്പാദിപ്പിക്കുന്ന ഏതെങ്കിലും വ്യാജ ഐഡിയിൽ നിന്ന് വന്ന പോസ്റ്റുകളെക്കുറിച്ചല്ല പറയുന്നത്.താങ്കളുടെ പുതിയ കൂടാരത്തിലെ ഐ.ടി.സെൽ പ്രൊഡക്ട്റ്റുകളെക്കുറിച്ചുമല്ല.
ഡി.വൈ.എഫ്.ഐ.യുടെ ഹൃദയ പൂർവ്വം പദ്ധതിയിലെ പൊതിച്ചോറിനെ പരിഹസിച്ചു കൊണ്ട് താങ്കൾ പറഞ്ഞത് ‘ഒരു കൈയ്യിൽ പൊതിച്ചോറും മറുകൈയ്യിൽ കഠാരയുമായി നടക്കുന്ന കൂട്ടർ ‘ എന്നാണ്. ഇതിന് മുൻപ് ഹൃദയ പൂർവ്വം പദ്ധതിയെ പരിഹസിച്ചു പറഞ്ഞു കണ്ടത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ്. അവരുടെ കൂടാരത്തിലെ നിരന്തര സമ്പർക്കം കൊണ്ട് കൂടിയാവണം നിങ്ങൾക്കും അതേ പദ്ധതിയോട് ഇപ്പോൾ പരിഹാസം.
കേരളത്തിന്റെയെന്നല്ല രാജ്യത്തിന്റെ ചരിത്രത്തിൽ പോലും ഏതെങ്കിലും യുവജന സംഘടന ഇതുപോലൊരു പരിപാടി ഇത്രയും കാലം തുടർച്ചയായി നടത്തി വിജയിപ്പിച്ചിട്ടില്ല. കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിൽ നിന്ന് നല്ലവരായ അനേകം മനുഷ്യർ കക്ഷി രാഷ്ട്രീയ – ജാതി മത ഭേദമന്യേ നൽകിയ കോടിക്കണക്കിന് പൊതിച്ചോറുകളാണ് , അരശരണരായ അനേകം കോടി മനുഷ്യരുടെ വിശപ്പ് അകറ്റുന്നത്.അവരെയാണ് ജോയ് മാത്യു അവഹേളിച്ചിരിക്കുന്നത്.
ഫ്ലാറ്റിൽ നിന്ന് കാരവനിലേക്കുള്ള ഓട്ടത്തിൽ എക്സ് നക്സലേറ്റിന്റെ കണ്ണിൽ പെടാനിടയില്ലാത്ത സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടേയും ആ ചോറുപൊതികൾ നൽകുന്ന നന്മനിറഞ്ഞ അനേകമനുഷ്യരുടെയും അന്തസ്സിനെയാണ് നിങ്ങൾ അധിക്ഷേപിക്കുന്നത്.
ആരുടെ കൈയ്യിലാണ് മിസ്റ്റർ ജോയി മാത്യു കഠാരയുള്ളത്? രാഹുൽ ഗാന്ധി വയനാട്ടിൽ പര്യടനത്തിന് വരുമ്പോൾ ആനയിച്ച് കൊണ്ട് വരാനും പ്രസംഗിക്കാനുമുള്ളവരുടെ കൂട്ടത്തിൽ നിങ്ങളെയും കൂട്ടാറുണ്ടല്ലോ. ആ വേദിയിൽ ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണാം താങ്കൾ പറഞ്ഞ കൈയ്യിൽ കഠാരയുള്ള കൂട്ടത്തെ. ഇടുക്കിയിൽ എഞ്ചിനീയറിങ്ങ് കോളേജിൽ പഠിച്ചിരുന്ന പത്തൊമ്പത് വയസ്സുള്ള ചെറുപ്പക്കാരന്റെ ഇടനെഞ്ചിൽ കഠാര കയറ്റിക്കൊന്നു കളഞ്ഞ ക്രിമിനലിനെ സംസ്ഥാന നേതൃസ്ഥാനം നൽകി ആദരിച്ചതും, കോൺഗ്രസ് വേദികളിൽ ആനയിക്കുന്നതും ആരാണ്?
ഹഖ് മുഹമ്മദ്, മിഥ്ലാജ് തുടങ്ങി കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് ക്രിമിനലുകളുടെ കത്തി മുനയിൽ അര ഡസനോളം ജീവിതങ്ങൾ രക്ത സാക്ഷിത്വം നൽകിയ പ്രസ്ഥാനത്തെക്കുറിച്ചാണ് നിങ്ങൾ കൊലയാളികളുടെ കൂടാരത്തിൽ നിന്നു കൊണ്ട് കഠാരയെക്കുറിച്ച് പറയുന്നത്.തോക്കിൻകുഴലുമായി കാട്ടിൽ വിപ്ലവം ഒണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാൻ?
വിപ്ലവസിംഹമേ, ബിജെപി വേദികളിലും, കോൺഗ്രസ് വേദികളിലും താങ്കൾ മാറിമാറി നിരങ്ങിക്കോളൂ. പക്ഷെ അവരുടെ ഉച്ചിഷ്ടം തിന്നിട്ട് എല്ലിൽകുത്തുമ്പോൾ ഡി.വൈ.എഫ്.ഐ യുടെ മെക്കിട്ട് കേറാൻ വരേണ്ട. വി കെ സനോജ്, DYFI കേരള സംസ്ഥാന കമ്മറ്റി