വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച നാല് അധ്യാപകര്‍ക്ക് എതിരെ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: നാല് അധ്യാപകര്‍ ചേര്‍ന്ന് 16കാരനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി പരാതി. 16കാരന്റെ അമ്മ കവിതയുടെ പരാതിയില്‍ നാല് അധ്യാപകര്‍ക്ക് എതിരെ ഭജന്‍പുര പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. നോര്‍ത്ത് – ഈസ്റ്റ് ഡല്‍ഹിയിലെ യമുന വിഹാറിലാണ് സംഭവം.

ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന തന്റെ മകന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയെന്ന കാരണത്തിന് അധ്യാപകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് കവിത പറഞ്ഞു. സെപ്റ്റംബര്‍ 15നാണ് സംഭവം നടന്നതായി പരാതിയിൽ പറയുന്നത്.അധ്യാപകരോട് ക്ഷമ ചോദിച്ചെങ്കിലും തന്റെ മകനെ ക്ലാസില്‍ നിന്ന് പുറത്താക്കിയെന്നും പിന്നീട് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും കവിതയുടെ പരാതിയില്‍ പറയുന്നു.

ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയെന്ന കാരണത്തിന് അധ്യാപകന്‍ തന്നെ തല്ലിയെന്നും വേദനിച്ചെന്ന് പറഞ്ഞപ്പോള്‍ വീണ്ടും മൂന്ന് തവണ കൂടി തല്ലിയെന്നും പിന്നീട് എന്‍സിസി റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി മറ്റ് അധ്യാപകരെ വിളിച്ച് വരുത്തിയാണ് മര്‍ദ്ദിച്ചതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.അധ്യാപകര്‍ തന്നോട് ഇങ്ങനെ പെരുമാറിയത് എന്തിനാണെന്ന് മനസിലായില്ലെന്നും സംഭവം പുറത്തു പറഞ്ഞാല്‍ ഉണ്ടാകുന്ന അന്തരഫലങ്ങള്‍ പറഞ്ഞ് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥി പറഞ്ഞു.

മകന്റെ നെഞ്ചിലും ഇടുപ്പിലുമെല്ലാം പരിക്കേറ്റിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.പിന്നീട് വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോയിട്ടില്ല.അന്വേഷണം പുരോഗിക്കുകയാണെന്ന് പോലീസ് അറിയിച്ചു.