പാലക്കാട് : കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്ക് സമീപത്തെ നെൽപാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണ് മരിച്ചത്. കൊട്ടേക്കാട് സ്വദേശി സതീഷും പുതുശ്ശേരി സ്വദേശി ഷിജിത്തും പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയാണ് മരിച്ചത്. സതീഷിന്റേയും ഷിജിത്തിന്റേയും ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. ഇരുവരുടെയും വയർ കീറിയ നിലയിലാണുള്ളത്. 5 അടി താഴ്ചയുള്ള കുഴിയിലേക്ക് മൃതദേഹം ചവിട്ടി താഴ്‌ത്തുകയായിരുന്നു എന്നും കണ്ടെത്തി.
ഇരുവരെയും ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു.പാടത്ത് കാട്ടുപന്നിക്കായി വൈദ്യുതിക്കെണി വെച്ചിരുന്നതായും മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ ആനന്ദ്കുമാർ മൊഴി നൽകി.ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ പൊലീസ് സംഘം ഇവിടെയെത്തിയെന്ന് ഭയന്ന് അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. അഭിനും അജിത്തും വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ ഇരുവരും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
അഭിന്റെയും അജിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പരിസരത്ത് തിരിച്ചിൽ നടത്തി.പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടതിൽ സംശയം തോന്നി മണ്ണു നീക്കിയപ്പോൾ ഒരാളുടെ കാൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.