4.9 മില്ല്യണ്‍ ചതുരശ്ര കിലോമീറ്ററുള്ള സീലാന്‍ഡിയ എട്ടാമത്തെ ഭൂഖണ്ഡമോ?

സീലാന്‍ഡിയ ഭൂമിയിലെ ഏറ്റവും ചെറുതും ഏറ്റവും പ്രായകുറഞ്ഞതുമായ വൻകരയാണെന്ന് ഗവേഷകർ വന്‍കരയുടെ 94 ശതമാനവും വെള്ളത്തിനടയിലാണ്. ശേഷിക്കുന്ന ആറ് ശതമാനം ന്യൂസിലാന്‍ഡിനു സമാനമായ ദ്വീപുകളാണ്.4.9 മില്ല്യണ്‍ ചതുരശ്ര കിലോമീറ്ററാണ് സീലാന്‍ഡിയയുടെ വലുപ്പമെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്.

ഭൗമശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഈ ഭൂഖണ്ഡം ഏകദേശം 375 വര്‍ഷത്തോളം കാണാമറയത്തായിരുന്നു. 550 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ടതെന്ന് കരുതുന്ന സീലാന്‍ഡിയയ്ക്ക് മഡഗാസ്‌കറിന്റെ നാല് മടങ്ങ് വലുപ്പം വരും. ദക്ഷിണാര്‍ധഗോളത്തിലെ എല്ലാ പ്രദേശങ്ങളുമായും ഇത് ബന്ധപ്പെട്ട് കിടക്കുന്നു.

ടെക്ടോണിക്‌സ് എന്ന ജേണലിൽ ജിയോളജിസ്റ്റിന്റെയും സീസ്‌മോളജിസ്റ്റിന്റെയും ആഗോളസംഘം സീലാന്‍ഡിയയുടെ വിശദമായ മാപ്പ് ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.അടിത്തറ, സെഡിമെന്ററി ബേസിനുകള്‍, അഗ്നിപര്‍വ്വത പാറകള്‍ എന്നിവയുള്ള ഭൂമിയിലെ ആദ്യത്തെ ഭൂഖണ്ഡമാണ് സീലാന്‍ഡിയ എന്ന് വിശ്വസിക്കുന്നതായി ജേണലില്‍ ഗവേഷകര്‍ വ്യക്തമാക്കി.

കടലിന്റെ അടിത്തട്ടില്‍ നിന്ന് ലഭിച്ച പാറകളുടെ സാംപിളുകള്‍ നല്‍കിയ സൂചനകള്‍ അനുസരിച്ചാണ് സീലാന്‍ഡിയയുടെ ആകൃതിയും ഘടനയും ഗവേഷകര്‍ ഊഹിച്ചെടുത്തത്.ഒരുകാലത്ത് ഇവിടെ വൈവിധ്യമേറിയ സസ്യങ്ങളും മൃഗങ്ങളും ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. താരതമ്യേന ആഴംകുറഞ്ഞ വെള്ളത്തില്‍ വസിച്ചിരുന്ന മൃഗങ്ങളുടെ പുറംന്തോടുകളും കരയിലെ സസ്യങ്ങളുടെ ഭാഗങ്ങളും സമുദ്രത്തിനടയില്‍ മുങ്ങിക്കിടക്കുന്നതായി അവര്‍ പറഞ്ഞു.

സൂപ്പര്‍ വന്‍കരയായ ഗോണ്ടവാനയില്‍ നിന്ന് എപ്പോഴാണ് സീലാന്‍ഡിയ ആദ്യമായി തെന്നിമാറിയതെന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലാണ് ശാസ്ത്രജ്ഞര്‍. സീലാന്‍ഡിയയെക്കുറിച്ച് തങ്ങള്‍ക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അത് പലപ്പോഴും കൈയ്യില്‍നിന്ന് വഴുതിമാറുകയാണെന്നും വന്‍കരയുടെ ഭൂരിഭാഗവും വെള്ളത്തിനടയിലാണെങ്കിലും വ്യക്തമായ എന്തെങ്കിലും വിവരങ്ങള്‍ കണ്ടെത്താന്‍ കുറച്ചധികം സമയമെടുക്കുമെന്നും സീലാന്‍ഡ് ക്രൗണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ജിഎന്‍എസ് സയന്‍സിലെ ഗവേഷകര്‍ പറഞ്ഞു.

80 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ പുറംപാളിയുടെ കനം കുറഞ്ഞെന്നും അതിനാല്‍ ഈ ഭൂഖണ്ഡം സമുദ്രത്തില്‍ മുങ്ങിപ്പോകുകയായിരുന്നുവെന്നും ഭൂമിയുടെ പുറംപാളി വ്യത്യസ്തമായ ദിശകളിലേക്ക് വലിച്ച് നീട്ടപ്പെട്ടതാകാം കനം നഷ്ടപ്പെടാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.