“തലൈവർ 170 ” പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി രജനികാന്തും സംഘവും തിരുവനന്തപുരത്ത്

തിരുവനന്തപുരം: . ‘ജയിലറിന്റെ’ ചരിത്രവിജയത്തിനുശേഷം ‘തലൈവർ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് സൂപ്പർതാരം രജനികാന്ത് തിരുവനന്തപുരത്ത് എത്തും.ചൊവ്വാഴ്ച എത്തുന്ന സൂപ്പർ താരം പത്തുദിവസം ഇവിടെയുണ്ടാകും. ജയ് ഭീം എന്ന ഒറ്റ സിനിമയിലൂടെ ദേശീയശ്രദ്ധ നേടിയ ടി ജെ ജ്ഞാനവേലാണ് സംവിധായകൻ.

ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്.വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം.സൂപ്പർ സ്റ്റാർ രജനികാന്തിന്റെ വരവ് ആരാധകരെ ആവേശം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിങ്ങുണ്ടാകും. രാജാധിരാജ, മുത്തു എന്നീ രജനി ചിത്രങ്ങളുടെ ഗാനരംഗം അതിരപ്പിള്ളിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

സിനിമയിൽ സൂപ്പർ താരം ആദ്യമായി കന്യാകുമാരി തമിഴ് സംസാരിക്കും. സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അവസാന അഞ്ച് ചിത്രങ്ങളിൽ രജിനി പൊലീസ് വേഷത്തിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 32 വർഷത്തിനുശേഷമാണ് രജിനിയും ബച്ചനും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്.