രാഷ്ട്രപിതാവിന്റെ ഓർമകളിൽ രാജ്യം,പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി

ന്യൂഡൽഹി: രാജ്യം ഇന്ന് ഗാന്ധി സ്മരണയിൽ.ഇന്ത്യക്കാർ ബാപ്പുജിയെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം. ബ്രിട്ടീഷുകാരെ അഹിംസയിലൂടെ തുരത്തിയോടിച്ച മഹാത്മാവിന്റെ 154 മത്തെ ജന്മദിനം.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി മഹാത്മാവിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. . ഗാന്ധിജയന്തി അവസരത്തിൽ ഏറെ ആദരവോടെ അദ്ദേഹത്തെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധി ജയന്തിയുടെ പ്രത്യേക അവസരത്തിൽ ഞാൻ മഹാത്മാഗാന്ധിയെ വണങ്ങുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങളും ഉപദേശങ്ങളും ഇന്നും നമ്മെ സ്വാധീനിക്കുന്നുണ്ട്. ഐക്യത്തിന്റെയും അനുകമ്പയുടെയും മനോഭാവം വർദ്ധിപ്പിക്കുന്നതിന് മനുഷ്യരാശിയെ മുഴുവൻ പ്രേരിപ്പിക്കുന്നു. അദ്ദേഹത്തിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് എപ്പോഴും പ്രവർത്തിക്കാം. എല്ലായിടത്തും ഐക്യവും ഒരുമയും ഊട്ടിയുറപ്പിക്കാനാണ് ഗാന്ധിജി സ്വപ്നം കണ്ടതെന്നും അതിന്റെ വാഹകരാകാൻ യുവാക്കൾക്ക് കഴിയട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധിജിയുടെ സ്വപ്‌നമായിരുന്ന ശുചിത്വ ഭാരതത്തിന്റെ ഭാഗമായി സ്വച്ഛത ഹി സേവ ക്യാമ്പെയ്‌നിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഗുസ്തി താരം അങ്കിത് ബയാൻപുരിയയ്‌ക്കൊപ്പം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.