മണിക്കൂറുകള്‍ നീണ്ട റെയ്‌ഡ്‌,തുടർന്ന് അറസ്റ്റ്,സഞ്ജയ് സിംഗിനെ ED ഓഫീസിലേക്ക് കൊണ്ട് പോയി

ന്യൂ ഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തു.മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം കനത്ത സുരക്ഷയിലാണ് സഞ്ജയ്‌ സിംഗിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വീട്ടിൽ നിന്ന് സംഘം ED ഓഫീസിലേക്ക് കൊണ്ടുപോയത്. ഇതിടെ മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയക്ക് പിന്നാലെ സഞ്ജയ് സിംഗിനും കുരുക്ക് മുറുകിയിരിക്കുകയാണ്.

മദ്യനയ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിന് വിധേയരായ ആം ആദ്മി പാർട്ടി നേതാക്കളുടെ പട്ടിക നീളുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ, ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇതേ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.

സഞ്ജയ് സിംഗിന്‍റെ വസതിയിൽനിന്നും EDയ്ക്ക് ഒന്നും കണ്ടെത്താനായില്ല, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പാർലമെന്‍റിൽ ഉന്നയിച്ചതിനാലാണ് ED രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ ലക്ഷ്യമിടുന്നത്, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ED, CBI തുടങ്ങിയ എല്ലാ ഏജൻസികളേയും സജീവമാക്കുക എന്നത് അവരുടെ രീതിയാണ്‌. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള NDA സർക്കാർ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതിയിലാണ് എന്നും ED അടുത്തിടെയായി നടത്തുന്ന റെയ്‌ഡുകൾ പാര്‍ട്ടിയുടെ വര്‍ദ്ധിച്ചുവരുന്ന അസ്വസ്ഥതയുടെ തെളിവാണെന്നും കേജ്‌രിവാൾ ആരോപിച്ചു.