രണ്ടാം വട്ടവും ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അയോഗ്യൻ. ലോക്‌സഭാ സെക്രട്ടറിയേറ്റ്

ന്യൂഡൽഹി : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപമിറക്കി. ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്.വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് നടപടി. മുൻകേന്ദ്രമന്ത്രി പി.എം. സെയ്‌ദിന്റെ മരുമകൻ കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്.

വധശ്രമക്കേസിൽ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയാണ് ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. തുടർന്ന് എംപി സ്ഥാനം പുനഃസ്ഥാപിച്ചു.ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെയാണ് ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.മുഹമ്മദ് ഫൈസൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചേക്കും.