തൃശൂർ: ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വനിതാ സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ.തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി വനം ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് എം വി ഹോബിക്കെതിരെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി പുഗഴേന്തി അച്ചടക്ക നടപടിയെടുത്തു.
മോർഫിങ് സംബന്ധിച്ച തന്റെ പ്രവൃത്തിയിൽ ഉദ്യോഗസ്ഥയ്ക്ക് ഖേദമില്ലെന്നും സഹപ്രവർത്തകരോടു സഹകരിക്കുന്നില്ലെന്നും സ്ഥിരമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.അടിയന്തര പ്രാധാന്യമുള്ള ഫയലുകളിൽ നടപടി വൈകിക്കുന്നുവെന്നും ജീവനക്കാരിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്.ഓഫീസിലെ ജീവനക്കാർ ചേർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകിയതിനെ തുടർന്ന് അസി. ഫോറസ്റ്റ് കൺസർവേറ്ററോട് ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിരുന്നു.
ഓഫിസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥയ്ക്കെതിരെ പരാതികൾ നൽകി.സൂപ്രണ്ടിനെ ചുമതലയിൽനിന്നു മാറ്റിനിർത്തണമെന്ന ശുപാർശയോടെ സർക്കിൾ ചീഫ് കൺസർവേറ്റർ വനംവകുപ്പ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് കൈമാറി.ഇതോടെ ആരോപണ വിധേയായ വനിതാ സൂപ്രണ്ടിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു