ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി,അറബികടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് മഴ തുടരും,

തിരുവനന്തപുരം: തമിഴ്‌നാട് തീരത്തിന് മുകളിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴികളും അറബികടലിലെ ന്യൂനമർദ്ദ സാധ്യതയും കാരണം കേരളത്തിൽ മഴ തുടരും.തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്.

തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിൽ നില നിൽക്കുന്ന ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ 21ഓടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറിയാൽ അടുത്ത ആഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാം.

മലയോര മേഖലയിൽ നിലവിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്.കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതിനാൽ  പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.