തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതി നയൻതാരയ്ക്ക് സ്വന്തമാണ്.കരിയറിലെ ഉയർച്ച താഴ്ചകളെ പതറാതെ നേരിട്ട നയൻതാരയ്ക്ക് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം തമിഴ് സിനിമാ ലോകത്തുണ്ട്.കെെനിറയെ അവസരങ്ങളാണ് നയൻതാരയ്ക്കിന്ന്.ഒരുപിടി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
തൃഷ, സമാന്ത, അനുഷ്ക ഷെട്ടി തുടങ്ങിയ താരങ്ങളെല്ലാം നയൻ താരയ്ക്ക് വെല്ലുവിളി ഉയർത്തിയവരാണ്.തൃഷയുടെ ശക്തമായ തിരിച്ച് വരവ് നടത്തിയ പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം തൃഷയ്ക്ക് തുടരെ അവസരങ്ങൾ വരുന്നുണ്ട്.നയൻതാരയുടെ മാസ് സ്ക്രീൻ പ്രസൻസിനെ മറികടക്കാൻ തൃഷയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.എന്നാലിന്ന് മാസ് റോളുകളിൽ നയൻതാരയ്ക്ക് വെല്ലുവിളിയായി വരുന്നത് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരാണ്.
തമിഴകത്ത് മഞ്ജു വാര്യർക്ക് ജനപ്രീതിയേറുകയാണ്. അസുരൻ, തുനിവ് എന്നീ സിനിമകളുടെ വിജയത്തിന് ശേഷം മഞ്ജുവിന്റെ അടുത്ത പ്രൊജക്ട് രജിനികാന്തിനൊപ്പമാണ്. ആര്യക്കും ഗൗതം കാർത്തിക്കിനുമൊപ്പം മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.നയൻതാരയ്ക്ക് മുകളിലേക്ക് മഞ്ജുവിന് തമിഴകത്ത് ഉയരാൻ കഴിയുമെന്നാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലുവിന്റെ വാക്കുകൾ.
തുനിവിൽ അജിത്തിനൊപ്പം നയൻതാര നായികയാൽ നന്നായേനെ എന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു.മൂന്ന് നയൻതാരയ്ക്ക് തുല്യമായ പ്രകടനമാണ് മഞ്ജു വാര്യർ തുനിവിൽ കാഴ്ച വെച്ചത്.അസുരനിൽ ധനുഷിനെ വരെ പിന്നിലാക്കിയ പ്രകടനമായിരുന്നു മഞ്ജുവിന്റേതെന്നും ചെയ്യാറു ബാലു പറയുന്നു.രണ്ട് പതിറ്റാണ്ടായി അഭിനയ രംഗത്തുണ്ടെങ്കിലും നയൻതാര ഇന്നും സ്വന്തം ശബ്ദം ഡബ്ബിംഗിന് ഉപയോഗിക്കാറില്ല. ചുരുക്കം സിനിമകളിലേ നടി സ്വന്തമായി ഡബ് ചെയ്തിട്ടുള്ളൂ. ദീപ വെങ്കട്ട് എന്ന ഡബ്ബിംഗ് ആർട്ടിസ്റ്റാണ് നയൻതാരയുടെ പല ഹിറ്റ് സിനിമകളിലും ശബ്ദം നൽകുന്നത്.
അനായാസം തമിഴ് സംസാരിക്കുന്ന മഞ്ജു തമിഴ് സിനിമകളിൽ സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നു.അസുരനിൽ പ്രാദേശിക തമിഴ് ഭാഷയാണ് മഞ്ജു സംസാരിച്ചത്.നയൻതാര സ്വന്തം സിനിമകളുടെ പ്രൊമോഷനുകൾക്ക് വരാത്തതിൽ തമിഴകത്ത് ഒരു വിഭാഗം നിർമാതാക്കൾക്ക് എതിർപ്പുണ്ട്.മഞ്ജു വാര്യർക്ക് ഇത്തരം നിർബന്ധങ്ങളൊന്നുമില്ല. തുനിവിന്റെയും അസുരന്റെയും പ്രൊമോഷൻ പരിപാടികൾക്ക് മഞ്ജു സജീവമായെത്തി. ഈ ഘടകങ്ങളെല്ലാം മഞ്ജുവിന് തമിഴകത്ത് വലിയ സാധ്യതകൾ തുറക്കുന്നതായി ചെയ്യാർ ബാലു ചൂണ്ടിക്കാട്ടുന്നു.