പിരപ്പമൺകാട് പാടശേഖരത്തിൽ കൊയ്ത്തുൽസവം

തിരുവനന്തപുരം : ആറ്റിങ്ങൽ ഇടക്കോട് പിരപ്പമൺകാട് പാടശേഖരത്തിൽ കൃഷി മന്ത്രി പി പ്രസാദ് കൊയ്ത്തുൽത്സവം ഉദ്ഘാടനം നിർവഹിച്ചു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരിൽ ഒരു റൈസ് ബ്രാൻഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വിഷരഹിതമായ ഭക്ഷണത്തിനും ആരോഗ്യത്തിനും പ്രാദേശികമായി ഉത്പാദിപ്പിക്കാവുന്ന നമ്മുടെ കർഷകരുടെ ഉൽപ്പന്നങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ മഴയിൽ അൻപതേക്കറോളം വരുന്ന പിരപ്പമൺകാട് പാടശേഖരത്തിലെ നെൽകൃഷി പൂർണമായും മുങ്ങിയിരുന്നു. എന്നാൽ വളരെ വേഗത്തിൽ വെള്ളം താഴുകയും നെൽക്കതിരുകൾ കരുത്തോടെ നിവരുകയും ചെയ്തു.

ചിറയിൻകീഴ് എം എൽ എ വി.ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആറ്റിങ്ങൽ എം എൽ എ ഒ.എസ്. അംബിക ആശംസകൾ അർപ്പിച്ചു. സ്ഥലത്തെ മുതിർന്ന കർഷകനായ സത്യശീലനെയും പാടശേഖര സമിതി സെക്രട്ടറി അൽഫാറിനെയും മന്ത്രി വേദിയിൽ ആദരിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്ര ബാബു, മെമ്പർമാരായ വിഷ്ണു രവീന്ദ്രൻ, ഷൈനി, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിൽകുമാർ, കാർഷിക ഉപദേശക സമിതി അംഗങ്ങൾ, ശ്രീഭൂത നാഥൻകാവ് ക്ഷേത്രഭാരവാഹികൾ, മറ്റു ജനപ്രതിനിധികൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.