പോസ്റ്ററിൽ പ്രധാനമന്ത്രിയാകാനല്ല,എന്റെ ലക്ഷ്യം ബിജെപിയെ തടയൽ.അഖിലേഷ് യാദവ്

ലഖ്‌നൗ : ബിജെപിയെ തടയുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും, ‘ഭാവി പ്രധാനമന്ത്രി’ എന്ന വിശേഷണത്തോടെ പ്രചരിപ്പിക്കപ്പെടുന്ന പോസ്റ്ററുകൾ പാർട്ടി പ്രവർത്തകർ അവരുടെ ആഗ്രഹം പ്രകടിപ്പിക്കുന്നതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.കഴിഞ്ഞദിവസം ലഖ്‌നൗ പാർട്ടി ഓഫീസിനു പുറത്താണ് അഖിലേഷ് യാദവിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ജൂലൈ മാസത്തില അഖിലേഷിന്റെ ജന്മദിനത്തിൽ ആദ്യമായി ഇത്തരമൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ തുടർച്ചയായി ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഇന്ത്യാ സഖ്യം കോൺഗ്രസ്സുമായി സീറ്റ് ഷെയറിങ് ഫോർമുലയുടെ വിലപേശലിലാണ് എസ്‌പി. സഖ്യം ആവശ്യമാണോ വേണ്ടയോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് കഴിഞ്ഞദിവസം അഖിലേഷ് യാദവ് പറയുകയുണ്ടായി.കോൺഗ്രസും താനുമായി ചർച്ചയായിയെന്നും കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവ് തനിക്ക് ചില സന്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകളെ തനിക്ക് അനുസരിക്കാതിരിക്കാൻ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു.

പ്രധാനമന്ത്രിയാകണമെന്ന അഖിലേഷിന്റെ ആഗ്രഹം മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമാണെന്നും ഉത്തർപ്രദേശിലെ ജനങ്ങൾ അഖിലേഷിനെ പൂർണമായും തള്ളിപ്പറഞ്ഞെന്നും, അദ്ദേഹത്തിന്റെ പാർട്ടിക്ക് യാതൊരു അടിത്തറയും സംസ്ഥാനത്തില്ലെന്നും പോസ്റ്റർ വിഷയത്തിൽ അഖിലേഷിനെയും എസ്‌പിയെയും കളിയാക്കി ബിജെപി വക്താവ് അവനീഷ് ത്യാഗി പറഞ്ഞു.