ഗവർണറുടെ വസതിയിലേക്ക് പെട്രോൾ ബോംബ് ആക്രമണം

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പ്രധാനഗേറ്റിലേക്ക് പെട്രോൾ ബോംബ് ആക്രമണം.രണ്ട് കുപ്പികളിലായി കൊണ്ടുവന്ന പെട്രോൾ ബോംബ് പ്രധാന ഗേറ്റിലേക്ക് എറിയുകയായിരുന്നു. കറുക വിനോദ് എന്ന ആളുടെ പക്കൽ നിന്നും രണ്ട് പെട്രോൾ ബോംബ് കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് എറിയുന്നതിന് തൊട്ട് മുൻപ് ഗേറ്റിന് മുന്നിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇയാളെ തടയുകയായിരുന്നു.

ഇയാൾ ആദ്യമായല്ല ഇത്തരത്തിൽ ആക്രമണമുണ്ടായിരിക്കുന്നത്. 2022ൽ ഇയാൾ ബിജപിയുടെ ചെന്നൈ ഓഫീസിന് നേരെയും സമാനമായ ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ അറസ്റ്റിലായ വിനോദ് മൂന്ന് ദിവസം മുൻപാണ് പുറത്തിറങ്ങിയത്.സൈദാപേട്ട് കോടതി പരിസരത്തായി നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ നിന്നും പെട്രോൾ മോഷ്ടിച്ച ഇയാൾ നടന്ന് വന്ന് രാജ് ഭവന്റെ മുന്നിലെത്തി തീകൊളുത്തിയ ശേഷം കുപ്പികൾ എറിയുകയായിരുന്നു.

തമിഴ്‌നാട്ടിലെ യഥാർത്ഥ ക്രമസമാധാന നിലയെ പ്രതിഫലിപ്പിക്കുന്ന സംഭവമാണ് ഇന്ന് രാജ്ഭവന് നേരെ പെട്രോൾ ബോംബ് ആക്രമണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ഗവർണർക്ക് നേരെയുണ്ടായിരിക്കുന്ന ആക്രമണത്തിൽ പ്രതികരിച്ചു. ഡിഎംകെ സർക്കാർ തുടർച്ചയായുള്ള ആക്രമണങ്ങൾ സ്പോൺസർ ചെയ്യുന്നതെന്നും, ഇത്തരത്തിൽ ആക്രമണങ്ങളേക്കുറിച്ച് ചിന്തിക്കാൻ ഡിഎംകെയ്ക്ക് മാത്രമേ സാധിക്കുവെന്നും അണ്ണാമലൈ പറഞ്ഞു.