രക്ഷിക്കേണ്ടവന്‍ പീഡിപ്പിക്കുന്നു,7 വയസ്സുള്ള മകനെ പീഡിപ്പിച്ച അച്ഛന് 48 വർഷം കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത അച്ഛന് 48 വർഷം കഠിനതടവും എഴുപതിനായിരം രൂപ പിഴയും. 7 വയസ്സുകാരനായ മകനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച നടത്തി പീഡിപ്പിച്ച തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ പിതാവിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചത്.

സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോകാതെയിരുന്ന കുട്ടിയോട് സ്കൂൾ അധികൃതർ വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരങ്ങൾ പറഞ്ഞത്.കൗൺസിലിംഗിൽ കുട്ടി എല്ലാ വിവരങ്ങളും അധികൃതരോട് പറഞ്ഞു. തുടർന്ന് ശിശു സംരക്ഷണ സമിതിയെ ഉൾപ്പെടെ അറിയിച്ചു കേസ് റെജിസ്റ്റർ ചെയ്യുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി. നെയ്യാർ ഡാം പോലീസ് സബ് ഇൻസ്പെക്ടർ സാജു എസ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

ഭാര്യയുടെ ആത്മഹത്യയിൽ പ്രേരണ കുറ്റത്തിനു അറസ്റ്റിലായ ഇയാളുടെ സംരക്ഷണയിലാണ് അമ്മ മരിച്ച കുട്ടി കഴിഞ്ഞു വന്നത്.ബിവറേജസിനകത്ത് നിന്നും വിദേശമദ്യം മോഷണം നടത്തിയ കേസിലും പ്രതിയാണ് ഇയാൾ.