ആഗ്ര: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിന്ദു, മുസ്ലീം സമുദായാംഗങ്ങൾ സംയുക്തമായി മുസാഫർനഗറിലെ കുക്ര ഏരിയയിൽ സമ്മേളനം സംഘടിപ്പിച്ചു.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവിക ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ചടങ്ങിൽ ആവശ്യപ്പെട്ടു.
രാജ്യം മുഴുവൻ അവർക്കൊപ്പമുണ്ടെന്നും എട്ട് നാവികസേന ഉദ്യോഗസ്ഥരെയും ഖത്തറിൽ നിന്ന് സുരക്ഷിതമായി തിരികെ കൊണ്ടുവരണമെന്ന് ഈ പരിപാടിയിൽ വച്ച് സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും പരിപാടിയുടെ സംഘാടകനായ മനീഷ് ചൗധരി പറഞ്ഞു.ദേശീയ ഗാനം ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് ഒരാഴ്ച മുമ്പാണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷ വിധിച്ചത്.
ഈ കേസ് വലിയ പ്രാധാന്യത്തോടെ ആണ് കേന്ദ്ര സർക്കാർ നോക്കികാണുന്നതെന്നും ഇവരെ മോചിപ്പിക്കാനുള്ള എല്ലാ സാധ്യതകളും സർക്കാർ പരിശോധിച്ചു വരികയാണെന്നും തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ഖത്തറിൽ വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യക്കാർ. ഖത്തറിലെ സായുധ സേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനമായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ പൗരന്മാരാണ് ഇവർ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചാരവൃത്തി ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.