മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മർദിച്ചു; മകൻ അറസ്റ്റിൽ

മണ്ണാര്‍ക്കാട്: മദ്യപിച്ചെത്തി വീട്ടില്‍ ബഹളംവെക്കുന്നത് ചോദ്യം ചെയ്തതിനുള്ള വിരോധം മൂലം അമ്മയെ മര്‍ദിച്ച മകൻ അറസ്റ്റിൽ. വിറകുകൊണ്ട് അടിയേറ്റ് കൈയ്ക്ക് സാരമായി പരിക്കേറ്റ അമ്മയായ മാളുക്കുട്ടി മണ്ണാര്‍ക്കാട് ഗവ. താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവരുടെ ഇടതു കൈയ്യിലാണ് പരിക്കേറ്റത്.സംഭവം നടന്നത് മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പിൽ ഒക്ടോബർ 31 നായിരുന്നു. സംഭവത്തില്‍ അമ്മയായ മാളുക്കുട്ടിയുടെ പരാതി പ്രകാരം മകന്‍ രാധാകൃഷ്ണനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റു ചെയ്തു. മാളുക്കുട്ടി തൊഴിലുറപ്പു തൊഴിലാളിയാണ് . അറസ്റ്റിലായ മകൻ രാധാകൃഷ്ണൻ കൂലിപ്പണിക്കാരനാണ്. സംഭവദിവസം മദ്യപിച്ചെത്തി ബഹളംവെച്ച രാധാകൃഷ്ണനെ മാളുക്കുട്ടി ശകാരിച്ചിരുന്നു. ഇതിൽ ദേഷ്യംകൊണ്ട ഇയാള്‍ വീടിനു സമീപമുണ്ടായിരുന്ന വിറകെടുത്ത് അടിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മാളുക്കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റത്.ശേഷം അസഹ്യമായ വേദനയെ തുടർന്ന് ഒന്നാംതീയതി രാവിലെ മണ്ണാര്‍ക്കാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കിന്റെ വിവരം ആശുപത്രി അധികൃതര്‍ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഈ വിവരം അധികൃതര്‍ പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസെത്തി മാളുക്കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി ഫയൽ ചെയ്തു. തുടർന്ന് എസ്ഐമാരായ വി. വിവേക്, സി.എ. സാദത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അറസ്റ്റു ചെയ്ത രാധാകൃഷ്ണനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.