തിരുവനന്തപുരം മാനവീയം വീഥിയിൽ രാത്രിയിലുണ്ടായ സംഘർഷത്തിൽ പൊലീസിന് നേരെ കല്ലേറ്

തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാനവീയം വീഥിയിൽ ഉണ്ടാകുന്ന അഞ്ചാമത്തെ സംഘർഷമാണിത്.പൊലീസിന് നേരെ കല്ലെറിയുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.നെട്ടയം സ്വദേശി രാജിക്കാണ് കല്ലേറിൽ പരിക്കേറ്റത്.ഇന്നലെ രാത്രി 12 മണിയോടെയുണ്ടായ സംഘർഷത്തിൽ കല്ലെറിഞ്ഞ ആളുൾപ്പെടെ നാലുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

രണ്ട് സംഘങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.മൈക്ക് ഓഫ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.മാനവീയം വീഥിയിൽ നൈറ്റ് ലൈഫിനിടെ സംഘർഷം പതിവായതോടെ പൊറുതിമുട്ടിയിരിക്കുകയാണ് പൊലീസ്. മാനവീയത്തിലെ നൈറ്റ് ലൈഫിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നും പരിപാടികൾക്ക് രജിസ്ട്രേഷനും സമയപരിധിയും വേണമെന്നും ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

രണ്ടുദിവസം മുമ്പും മാനവീയം വീഥിയിൽ സംഘർഷമുണ്ടായിരുന്നു.ഈ ആക്രണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയ ലഹരിസംഘത്തിലെ പ്രധാനി കരമന സ്വദേശിയായ ശിവയെ പൊലീസ് പിടികൂടിയിരുന്നു.ലഹരിമാഫിയയുമായി ബന്ധമുണ്ടോയെന്ന സംശയത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യവും ചെയ്തിരുന്നു.