ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് 160 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.ഇതോടെ ലീഗ് സ്‌റ്റേജില്‍ കളിച്ച 9 മത്സരങ്ങളും ഇന്ത്യ വിജയിച്ചു. ലോകകപ്പില്‍ കോഹ്ലി ആദ്യ വിക്കറ്റ് നേടി. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് 47.5 ഓവറില്‍ 250 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ബൗളിംഗില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തി ഗ്യാലറിയെ ആവേശത്തിലാക്കി.പതിവിന് വിപരീതമായി വിരാട് കോഹ്ലിയും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും ബൗളര്‍മാരായെത്തി. 9-ാം വിക്കറ്റ് വീണതിന് ശേഷം രോഹിത് ശര്‍മ്മ ബൗള്‍ ചെയ്തതും കൗതുക കാഴ്ചയായി. അര്‍ധ സെഞ്ച്വറി നേടിയ (54) തേജ നിദമനുരുവിനെ പുറത്താക്കി രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നെതര്‍ലന്‍ഡ്‌സ് ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വെസ്ലി ബറേസിയുടെ വിക്കറ്റ് വീണു. പിന്നീട് മാക്‌സ് ഓഡോവ്ഡും (30) കോളിന്‍ അകെര്‍മാനും (35) പിടിച്ചു നിന്നു. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും എത്തിയതോടെ നെതര്‍ലന്‍ഡ്‌സ് പതറി. 24-ാം ഓവറില്‍ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെ പുറത്താക്കി കോഹ്ലി ആരാധകരെ ആവേശത്തിലാക്കി.