സിനിമകണ്ട് പുറത്തിറങ്ങിയ അയാൾ നിറകണ്ണുകളോടെ എന്നെ അടുത്തമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.ശ്രീനിവാസൻ.

മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ ശ്രീനിവാസന്റെ സീനിയറായിരുന്നു ശിവാജി റാവു ഗെയ്ഗ് വാദ് എന്ന കർണ്ണാടക വിദ്യാർത്ഥി ഇന്നത്തെ സൂപ്പർസ്റ്റാർ രജനികാന്ത്. ശ്രീനിവാസനും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തി ശ്രീനിവാസൻ തിരക്കഥയെഴുതി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് “കഥപറയുമ്പോൾ” . സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കഥ പറയുമ്പോൾ സിനിമ എഴുതിയതെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. സിനിമയെ കുറിച്ചും രജനികാന്തിനെ കുറിച്ചും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജീവിതത്തെ കുറിച്ചും ശ്രീനിവാസൻ ഓർമ്മിക്കുന്നു.

” ഞാൻ എഴുതി മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘കഥപറയുമ്പോൾ’ സിനിമയുടെ തമിഴ് പതിപ്പിൽ രജനീകാന്താണ് അഭിനയിച്ചത്. അതിന്റെ ചർച്ചകൾക്കായി പിന്നീട് ഞങ്ങൾ കണ്ടു . അദ്ദേഹത്തി ന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസിലുമെല്ലാം പോയിട്ടുണ്ട്. ഞാനും വിനീതും ധ്യാനും കൂടിയാണ് അദ്ദേഹത്തിന്റെ ലിബർട്ടി തീയേറ്ററിനടുത്തുള്ള ഓഫീസിൽ പോയത്. പ്രിയദർശന്റെ മദിരാശിയിലെ സ്റ്റുഡിയോയിൽ വച്ചാണ് രജനി ‘കഥപറയുമ്പോൾ’ സിനിമ കാണുന്നത്. രജനി സിനിമ കാണാൻ വന്ന വിവരം സെവൻ ആർട്സ് വിജയകുമാറാണ് എന്നെ അറിയിച്ചത്.സിനിമ കഴിയുമ്പോഴേക്കും എത്താൻ ആവശ്യപ്പെട്ടത് പ്രകാരം ഞാൻ അവർ സിനിമ കണ്ടിറങ്ങി വരുന്ന വഴിയിൽ നിന്നു.

സിനിമകണ്ട് കണ്ണുനിറഞ്ഞ് പുറത്തിറങ്ങിയ രജനി എന്നെ അടുത്തമുറിയിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയി, വൈകാരികമായി സംസാരിച്ചു. വ്യക്തിപരമായ ജീവിതാനുഭവങ്ങൾ അദ്ദേഹത്തെ ഉലച്ചിരിക്കണം. ഇങ്ങനെ എഴുതാനറിയുമെന്ന് അന്ന് പറഞ്ഞില്ലല്ലോ എന്നദ്ദേഹം ചോദിച്ചു. പഠിക്കുന്നകാലത്ത് എഴുതാൻ പറ്റുമെന്ന കാര്യം എനിക്കുതന്നെ അറിയില്ലായിരുന്നെന്ന് ഞാൻ മറുപടി പറഞ്ഞു. ബസ്സ് കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട പെൺകുട്ടിയെപ്പറ്റിയും അവളോടുള്ള പ്രണയവും അവളുടെ നിർബന്ധവും കാരണമാണ് താൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയതെന്നും തന്നിലെ നടനെ കണ്ടെത്തി അഭിനയത്തിലേക്കും സിനിമയിലേക്കും തള്ളിവിട്ട ആ പെൺകുട്ടിയെ പിന്നീടൊരിക്കലും കണ്ടെത്താത്തതിലുള്ള വേദനയും അദ്ദേഹമൊരിക്കൽ വിശദമായി നടൻ ദേവനോട് പങ്കുവച്ചിട്ടുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി അഡ്മിഷൻ സമയത്ത് ഞങ്ങളോരോരുത്തരും സ്വന്തമായി അവതരിപ്പിച്ച ചില അഭിനയമുഹൂർത്തങ്ങൾ ഷൂട്ട് ചെയ്തിരുന്നു. പിന്നീട് ക്ലാസ്സ് തുടങ്ങിയവേളയിൽ അവയെല്ലാം കാമ്പസിലെ സ്ക്രീനിൽ എല്ലാവർക്കുമായി കാണിച്ചു. ഞാനഭിനയിച്ച രംഗം പ്രദർശിപ്പിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ശിവാജി എന്ന എന്റെ സീനിയർ വിദ്യാർത്ഥി അടുത്തുവന്ന് തോളിൽ തട്ടി അഭിനന്ദിച്ചു. “നീങ്ക നന്നായി പണ്ണിയിറക്ക്” എന്നായിരുന്നു ആ വാചകം. അഭിനന്ദിച്ച ആളോടുള്ള സ്നേഹവും ബഹുമാനവും അന്നുതന്നെ എന്റെ മനസ്സിൽ ഇടം നേടി.”