സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. ബാന്ദ്ര കണ്ടതിന് ശേഷം ചിത്രം ഇഷ്ടമായെന്ന് വിളിച്ച് പറയുന്ന ഒരുപാട് ആളുകളുണ്ട്. അതോടൊപ്പം തന്നെ ചിത്രത്തെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പറഞ്ഞവരുമുണ്ട്.അഭിപ്രായങ്ങൾ എന്ന തരത്തിൽ പലതരം കോപ്രായങ്ങൾ കാണിക്കുന്ന ആളുകളെയാണ് നാം കാണുന്നതെന്നും സംവിധായകൻ അരുണ്‍ ഗോപി.
പ്രേക്ഷകരുടെ അഭിരുചികള്‍ പല തരത്തിലാണ്. അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് എല്ലാവരും സിനിമ കാണുന്നതും. അതുകൊണ്ട് തന്നെ സ്വാഭാവികമായും അഭിപ്രായ വ്യത്യസങ്ങളുമുണ്ടാകും. സിനിമ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. അത് ഞങ്ങളിലേക്ക് എത്തുന്നു. ഇഷ്ടപെടാത്തവർക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാം. അത് അവരുടെ സ്വാതന്ത്രവും അവകാശവുമാണ്.എന്നാല്‍ അഭിപ്രായങ്ങള്‍ എന്ന തരത്തില്‍ പലതരം കോപ്രായങ്ങള്‍ കാണിക്കുന്ന ആളുകളെയാണ് നാം കാണുന്നത്. എന്തോ വലിയ ആളുകള്‍ എന്ന തരത്തിലാണ് അവർ ഇതൊക്കെ ചെയ്യുന്നതും പറയുന്നതും. അത് കാണുമ്പോഴാണ് മറ്റുള്ളവരും മനുഷ്യരാണെന്ന തോന്നൽ അവർക്കില്ല എന്ന് തോന്നുന്നത്.
ഇതൊക്കെ ഓരോരുത്തരുടേയും സംസ്കാരമാണ്. അഭിപ്രായ പ്രകടനം നടത്തുന്നത് പോലെയല്ല, ഈ പ്രഹസനങ്ങള്‍. പലതും അടിമുടി സർക്കാസമാണ്. റിവ്യൂ എന്ന പേരില്‍ പലരും ആളുകളെ പുച്ഛിക്കുകയാണ്. ഓരോരുത്തരും അവരവരുടെ ചിന്തകൾക്കനുസരിച്ചും നിലവാരത്തിനനുസരിച്ചുമാണ് പ്രതികരിക്കുന്നത്. ഇതിലൊന്നും ആരോടും പരാതി പറഞ്ഞിട്ടും കാര്യമില്ല. ഇവിടെ ഇങ്ങനെയൊക്കെയാണെന്നാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നത്.പലരുടേയും ജീവിതമാർഗ്ഗമായി റിവ്യൂ പറയുന്നത് ഇന്ന് മാറിയിട്ടുണ്ട്.
എല്ലാ തരത്തിലുമുള്ള പ്രേക്ഷകർക്കും കാണാന്‍ വേണ്ടി ഒരുക്കുന്ന സിനിമയെക്കുറിച്ച് വളരെ മോശമായ അഭിപ്രായങ്ങള്‍ പറഞ്ഞ് അത് ജനറലൈസ് ചെയ്യുകയാണ്. ഇത് ആളുകളിലേക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഭാവിയില്‍ വളരെ മഹത്തരമായ സൃഷ്ടികള്‍ കാലക്രമേണ ചെയ്യാന്‍ പ്രാപ്തിയുള്ളവരായിരിക്കും ഇവരെന്നാണ് ഞാന്‍ കരുതുന്നത്. അത്തരം സൃഷ്ടികള്‍ ചെയ്യാന്‍ അവർക്ക് സാധിക്കട്ടെ.
അഭിപ്രായപ്രകടനങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. അഭിപ്രായങ്ങളെക്കുറിച്ച് അല്ല പറയുന്നത് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. ഇതിനെതിരെ സിനിമാ അസോസിയേഷനില്‍ നിന്നും ഉത്തരവാദിത്വപ്പെട്ടവർ നടപടികള്‍ എടുത്ത് തുടങ്ങിയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും റിവ്യൂ എന്ന പേരിൽ കാണിക്കുന്ന ഈ പ്രഹസനങ്ങള്‍ വളരെ മോശമാണെന്നും അരുണ്‍ ഗോപി പ്രതികരിച്ചു.
രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന “ബാന്ദ്ര” എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ആദ്യമായി മലയാളത്തിലെത്തുന്നു.