കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവ ബലാത്സംഗ കൊലക്കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി.തൂക്കുകയറിന് പുറമെ അഞ്ച് ജീവപര്യന്തവുമുണ്ട്.എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. 13 വകുപ്പുകളിൽ അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
വിചാരണ പൂര്‍ത്തിയാക്കി 110-ാം ദിവസമാണ് കേസില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് 5 വര്‍ഷം തടവ്, കുട്ടിയ്ക്ക് ലഹരി പദാര്‍ത്ഥം നല്‍കിയതിന് 3 വര്‍ഷം തടവ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം തടവ്, കൊലപാതകത്തിനും കുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ. പോക്‌സോ കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.
പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും പ്രതിയുടെ പ്രായം പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രായവും സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് ഡിഫന്‍സ് കോണ്‍സല്‍ ആവശ്യപ്പെട്ടിരുന്നത്.പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വ്യക്തമാക്കിയ കോടതി പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ഈ വധശിക്ഷാ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്