മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്

ഭോപ്പാൽ : ഭോപ്പാൽ: മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ ആരംഭിച്ചു.വൈകീട്ട് ആറുവരെയാണ് പോളിങ്. 252 വനിതകളടക്കം 2533 സ്ഥാനാർഥികളാണ് മധ്യപ്രദേശിൽ മത്സരരംഗത്തുള്ളത്. മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുന്നത്.

ഭരണമാറ്റം എന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസിന്‍റെ പ്രചാരണം. ജാതി സെൻസസ് ഉയർത്തിയാണ് ഇവിടെ കോൺഗ്രസ് വോട്ടർമാരെ കണ്ടത്. ഇത് ഗുണമായി മാറുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര കടന്നു പോയ 21 സീറ്റുകളിൽ വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ പാതിവഴിയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.

ഛത്തീസ്ഗഡിൽ ആദ്യഘട്ടത്തിൽ ഇരുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായിരുന്നു.നിങ്ങളുടെ ഒരു വോട്ട് യുവാക്കളുടെയും കർഷകരുടെയും സ്ത്രീകളുടെയും ഭാവി തീരുമാനിക്കുമെന്നും ഛത്തീസ്ഗഡിന്‍റെ പുരോഗതിക്കായി വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ ആവശ്യപ്പെട്ടു.എഴുപത് സീറ്റുകളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള 9 ബൂത്തുകളിൽ 7 മുതൽ 3 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 958 സ്ഥാനാർഥികളാണ് ആകെ മത്സരരംഗത്തുള്ളത്.