അമ്മയും സഹോദരിയും ഇപ്പോൾ പ്രവീണും,മരണം ആറായി

കൊച്ചി: കളമശേരിയിലെ സാമ്ര ഇന്‍റർനാഷണൽ സെന്ററിൽ ഒക്ടോബർ 29ന് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്നതിനിടെ നടന്ന സ്ഫോടനത്തിൽ പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്‍റെ മകൻ പ്രവീൺ പ്രദീപ് (26) ആണ്‌ മരിച്ചത്. പ്രവീണിന്‍റെ അമ്മ റീന ജോസ് എന്ന സാലിയും സഹോദരി ലിബ്നയും നേരത്തെ മരിച്ചിരുന്നു.ഇതോടെ ഒരുകുടുംബത്തിലെ മൂന്നുപേരുൾപ്പെടെ മരണസംഖ്യ ആറായി.

ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഫോടനദിവസം തന്നെ പ്രവീണിന്‍റെ സഹോദരി ലിബ്ന മരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പ്രവീണിന്‍റെ അമ്മ റീന മരണപ്പെട്ടത്.പ്രവീണിന്‍റെ സഹോദരൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്തു.മകൾ ലിബിനയുടെ വിയോഗ വാർത്ത അറിയാതെയായിരുന്നു സാലിയുടെ മടക്കം. ഇതിന് പിന്നാലെയാണ്  പ്രവീണും വിടപറഞ്ഞത്.

സാലിയേയും സഹോദരി ലിബിനയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പ്രവീണിനും രാഹുലിനും പൊള്ളലേറ്റത്. പന്ത്രണ്ടുവയസ്സുകാരി ലിബിനയുടെ വിയോഗവും അതിന്‍റെ നടുക്കവും മാറുന്നതിന് മുൻപേ സാലിയും ഇപ്പോൾ പ്രവീണും.അമ്മയും സഹോദരിയും മരിച്ചവിവരം ചികിത്സയിലായിരുന്ന പ്രവീണും രാഹുലും അറഞ്ഞിരുന്നില്ല. നേരത്തെ സാലിയും രണ്ട് ആൺമക്കളും ചികിത്സയിലായതിനാൽ ലിബിനയുടെ മൃതദേഹം ഒരാഴ്ച്ചയോളം മോർച്ചറിയിൽ സൂക്ഷിച്ച ശേഷമായിരുന്നു ബന്ധുക്കൾക്ക് കൈമാറിയത്. പാചകതൊഴിലാളിയായ സാലിയുടെ ഭർത്താവ് പ്രദീപൻ ജോലിത്തിരക്ക് കാരണമായിരുന്നു കൺവൻഷനിൽ പങ്കെടുക്കാതിരുന്നത്.

പൊട്ടിത്തെറി നടന്ന സമയം 2500 ഓളം പേർ ഹാളിലുണ്ടായിരുന്നു.സ്ഫോടനത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റിരുന്നു.