മുൻ ബന്ധങ്ങളുടെ പേരിൽ തർക്കം,കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: മുൻ ബന്ധങ്ങളുടെ പേരിൽ നടന്ന വഴക്കിനെത്തുടർന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം.അവസാനവർഷ എഞ്ചിനീയറിങ് വിദ്യാർഥിനിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് എഞ്ചിനീയറിങ് ബിരുദധാരിയായ തേജസ് എന്ന 23കാരനെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

യുവാവും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും യുവതിയുടെ മുൻ ബന്ധങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ വഴക്കും വാക്കുതർക്കങ്ങളും ഉണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. മുൻ ബന്ധങ്ങൾ മറച്ചുവെച്ചെന്ന യുവാവിൻ്റെ ആരോപണത്തിൽ വഴക്ക് പതിവായതോടെ ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചിരുന്നു.ഇതിനിടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന പേരിൽ യുവാവ് നഗരത്തിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള സ്ഥലത്തെ കുന്തി ബോട്ട മലമുകളിൽ യുവതിയെ ബൈക്കിലെത്തിച്ചു.

ഇവിടെ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം വഴക്കിലേക്ക് മാറിയതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തേജസ് യുവതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയ യുവാവിനെ പോലീസിന്റെ തെരച്ചിലിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.