വിശാഖപട്ടണം: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ 40 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു.. ഞായറാഴ്ച രാത്രിയാണ് തീപിടിത്തതമുണ്ടായത്. തീപിടിത്തതിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെയോടെയാണ് തീ അണയ്ക്കാനായത്.ബോട്ടുകൾക്ക് തീയിട്ടതാണെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. രാത്രി വൈകിയാണ് ഒരു മത്സ്യബന്ധന ബോട്ടിൽ തീ പിടിച്ചത്. തീ മറ്റ് ബോട്ടുകളിലേക്ക് പടരാതിരിക്കാൻ സമീപത്തെ ബോട്ടുകൾ സ്ഥലത്ത് നിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും കാറ്റും വെള്ളത്തിന്റെ ഒഴുക്കും തിരിച്ചടിയായി. ഇതോടെ ഈ ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്നും വിശാഖപട്ടണം പോലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞു.
ബോട്ടുകളിലെ ഡീസൽ കണ്ടെയ്നറുകളും ഗ്യാസ് സിലിണ്ടറുകളും തീ ആളിപ്പടരാൻ കാരണമായി.വലിയ പൊട്ടിത്തെറി ശബ്ദത്തോടെയാണ് ബോട്ടുകൾ കത്തി ചാമ്പലായത്. തുറമുഖത്തിൻ്റെ ഭൂരിഭാഗവും തീപിടിത്തത്തിൽ നശിച്ചതായാണ് റിപ്പോർട്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല..സാമൂഹ്യവിരുദ്ധർ ബോട്ടിന് തീവെച്ചതാകാമെന്ന ആരോപണം തൊഴിലാളികൾക്കിടെയിൽ ശക്തമാണ്.