തൃശൂർ : തൃശൂർ വിവേകോദയം സ്കൂളിൽ തോക്കമായി എത്തിയ മുൻ വിദ്യാർഥി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.. രണ്ട് വർഷം മുമ്പ് ഈ സ്കുളിൽ പഠിച്ച മുളയം സ്വദേശി ജഗനാണ് എയർഗണ്ണുമായി എത്തി വെടിയുതിർത്ത് ഭീതി സൃഷ്ടിച്ചത്.തന്റെ തൊപ്പി പിടിച്ചുവെച്ച രണ്ട് അധ്യാപകരെ കാണണമെന്നും തൊപ്പി തിരികെ നൽകണമെന്നുമാവശ്യപ്പെട്ട് രാവിലെ 10.15 ഓടെ സ്കൂളിന്റെ ഓഫീസിലെത്തിയ ജഗൻ സ്കൂൾ കത്തിക്കുമെന്ന് പ്രതി ഭീഷിണിപ്പെടുത്തി.
അധ്യാപകർ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജഗൻ തന്റെ ബാഗിൽ നിന്നും എയർഗൺ എടുത്ത ക്ലാസ് മുറിയിലെത്തി അവിടെ ഇരുന്ന കുട്ടികളെ തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തി. തുടർന്ന് എയർഗൺ ഉപയോഗിച്ച് മുകളിലേക്ക് നാല് തവണ വെടിയുതിർത്തു.സ്കൂളധികൃതർ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തുകയും പോലീസിനെ കണ്ട പ്രതി ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇയാൾ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.രണ്ട് വർഷം മുൻപ് ഇതേ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ഇയാൾ അധ്യാപകരെ അസഭ്യം പറഞ്ഞ് അന്ന് സ്കൂൾ വിട്ടതാണ് . അതിന് ശേഷം ഇപ്പോഴാണ് സ്കൂളിലേക്ക് തിരികെ വന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.