കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വലതു കാൽപാദം മുറിച്ചുമാറ്റി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാനത്തിന്‍റെ കാൽപാദം മുറിച്ചുമാറ്റിയത് പ്രമേഹ രോഗവും അണുബാധയും കാരണമാണ്.വലതു കാലിന്‍റെ അടിഭാഗത്തുണ്ടായ മുറിവ് പ്രമേഹം കാരണം കരിയാതെ വന്നതോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച കാൽപാദം മുറിച്ചു മാറ്റിയത്.
അനാരോഗ്യം മൂലം പാർട്ടിയ്ക്ക് മൂന്നു മാസത്തെ അവധി അപേക്ഷ നൽകിയിരിക്കുകയാണ്.അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതൊക്കെ പ്രചാരണം മാത്രമാണെന്ന് കാനം പറഞ്ഞു.ആദ്യം ഓപ്പറേഷൻ ചെയ്ത് മൂന്നുവിരലുകൾ മുറിച്ചെങ്കിലും അണുബാധ കുറയാതെ വന്നതോടെ കാൽപാദം മുറിക്കുകയായിരുന്നു.
ഈ മാസം 30ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗമാകും കാനം രാജേന്ദ്രന്‍റെ അവധി അപേക്ഷ പരിഗണിക്കുക.സെക്രട്ടറിയുടെ അഭാവം കൂട്ടായ നേതൃത്വത്തിലൂടെ മറികടക്കാനാകും സിപിഐ ശ്രമിക്കുക. സിപിഐയിൽ സംസ്ഥാന സെക്രട്ടറിയ്ക്ക് താഴെ രണ്ട് അസിസ്റ്റന്‍റ് സെക്രട്ടറിമാർകൂടിയുണ്ട്. ഇ ചന്ദ്രശേഖരനും പിപി സുനീറുമാണ് അസി. സെക്രട്ടറിമാർ. ഇവർക്ക് പുറമെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും ദേശീയ നിർവാഹകസമിതി അംഗം കെ പ്രകാശ് ബാബുവും സംസ്ഥാന നേതൃത്വത്തിൽ സജീവമാകും.