തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ 21 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.രാത്രിയിൽ ഉടനീളം പൊലീസും നാട്ടുകാരും വ്യാപക അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന സംഘം കോട്ടയം ജില്ലയിലെ പുതുവേലിയിൽ എത്തിയെന്ന സംശയത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, കുട്ടിയെ കണ്ടെത്തിയെന്ന വിവരം പുറത്തു വരുന്നത്.

ഇന്നലെ വൈകീട്ട് നാലരക്ക് സഹോദരനൊപ്പം ട്യൂഷന് പോകുമ്പോഴാണ് ആറു വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടിയെ വിട്ടുനൽകാൻ ആദ്യം 5 ലക്ഷവും പിന്നീട് 10 ലക്ഷം രൂപയും മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും അമ്മയുടെ ഫോണിലേക്ക് സന്ദേശമെത്തിയിരുന്നു.പാരിപ്പള്ളിയിൽ ഒരു കടയിലെത്തി ഫോൺ ചെയ്ത സംഘത്തിലെ ഒരാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് പുറത്തുവിട്ടിരുന്നു.

കുട്ടിയെ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയവരെകുറിച്ച് ഇതുവരെ യാതൊരു വിവരവും ഇല്ല കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു