യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾ യാബ് ലീഗൽ സർവ്വീസസിൽ ആഘോഷിച്ചു

 

ഷാർജ: യാബ് ലീഗൽ സർവ്വീസസിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്കാരിക പരിപാടികൾ നടത്തി.

ഷാർജയിലെ യാബ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യാബ് ലീഗൽ സർവ്വീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിയുടെ സാന്നിദ്ധ്യത്തിൽ യാബ് ഓഫീസ് മാനേജർ യുസ്റ ഇസന്തർ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം നടത്തി.

ഇരുനൂറിലധികം രാജ്യക്കാർ അധിവസിക്കുന്ന യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസ സമൂഹം മലയാളികളായതുകൊണ്ട് യു എ ഇ ദേശീയ ദിനാചരണം മലയാളികളുടെ നേതൃത്വത്തിൽ ഗംഭീരമായാണ് ആഘോഷിക്കുന്നതെന്നും ഫലസ്തീൻ യുദ്ധക്കെടുതികളുടെ പശ്ചാത്തലത്തിലാണ് പരിപാടി ചുരുക്കി നടത്തുന്നതെന്നും ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ യാബ് ലീഗൽ സർവ്വീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി പറഞ്ഞു. താൻ കഴിഞ്ഞ 36 വർഷമായി ദേശീയ ദിനാചരണത്തിന്റെ ഭാഗമാണെന്നും 1971ലെ എമിറേറ്റുകളുടെ ഏകീകരണത്തിന്‍റെ സ്മരണക്കായാണ് എല്ലാ വർഷവും ഡിസംബർ രണ്ടിന് യു.എ.ഇ ദേശീയദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തമായി കറന്‍സി പോലുമില്ലാതിരുന്ന ഏഴു എമിറേറ്റുകളും ഒന്നു ചേര്‍ന്നപ്പോള്‍ രൂപപ്പെട്ടത് ശക്തമായ ഒരു വികസന കാഴ്ചപ്പാടും സമ്പദ് വ്യവസ്ഥയുമാണ്.

ഷെയ്ഖ് സായിദ് ബിന്‍സുല്‍ത്താന്‍അല്‍ നഹ്യാന്‍റെ ദീര്‍ഘവീക്ഷണമായിരുന്നു ഐക്യ അറബ് എമിറേറ്റെന്ന സ്വപ്നത്തിന് അടിത്തറപാകിയത്. പിന്നീടുള്ള ഓരോ നേട്ടങ്ങളിലും ആ ദീര്‍ഘവീക്ഷണത്തിന്‍റെ കയ്യൊപ്പ് കാണാമെന്നും സലാം പാപ്പിനിശ്ശേരി കൂട്ടിച്ചേർത്തു.
150 പേരിലധികം വരുന്ന മലയാളികളടങ്ങുന്ന ജീവനക്കാരോട് ഒരുമിച്ച് നിന്ന് കഠിനാധ്വാനം ചെയ്താലേ ഏത് സംരംഭവും വിജയിക്കുകയുള്ളുവെന്നും ജീവനക്കാരെ തന്റെ കുടുംബത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു:
യാബ് ലീഗൽ സർവ്വീസസ് സി ഇ ഒ ആയ സലാം പാപ്പിനിശ്ശേരി അറിയപ്പെട്ട നിയമ പ്രതിനിധിയും, സാമൂഹിക പ്രവർത്തകനുമാണ് .
കലാ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഇമറാത്തി ഗാനങ്ങളുടെ അകമ്പടിയോടെ പരമ്പരാഗത യൗല സ്റ്റിക് ഉപയോഗിച്ച് യാബിലെ അറബ് അഡ്വക്കറ്റ്മാർ ചുവട് വെച്ചത് മനോഹരമായ അനുഭവമായിരുന്നു.
ശേഷം യു എ ഇ എമിറേറ്റ്സിനെ കുറിച്ച് ജീവനക്കാർക്കിടയിൽ ക്വിസ് മത്സരം നടത്തി. യാബ് ബിസിനസ് ഡവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ ആണ് ക്വിസ് പ്രോഗ്രാം നയിച്ചത്.

യാബ് സി ഇ ഒ സലാം പാപ്പിനിശ്ശേരിയും അറബ്, മലയാളി ജീവനക്കാരും ആവേശപൂർവ്വമാണ് പരിപാടിയിൽ പങ്കെടുത്തത്.
യു എ ഇ പതാകയുടെ നിറങ്ങളാലും, ബലൂണുകൾ, തോരണങ്ങൾ എന്നിവയാലും യാബ് ഓഫീസ് അലങ്കരിച്ചിരുന്നു. ജീവനക്കാർ യു എ ഇ ദേശീയ പതാക ചിഹ്നം പതിപ്പിച്ച ലോഗോ ധരിച്ചും ഷാളുകൾ അണിഞ്ഞുമാണ് എത്തിയത്.
എച്ച് ആർ ജീവനക്കാരനായ മുഹമ്മദ് സിയാദിന്റെയും ഷഫ്ന കെ യുടെയും നേതൃത്വത്തിൽ നടത്തിയ ഗാനാലാപനം ശ്രദ്ധേയമായി.

ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ യാബ് മീഡിയ ആങ്കറായ റഹീമ ഷനീദ് സ്വാഗതം പറഞ്ഞു. ഫർസാന അബ്ദുൽ ജബ്ബാർ , അഡ്വ. മുഹമ്മദ് അബ്ദുറഹ്മാൻ അൽ സുവൈദി , അഡ്വ. ലുഅയ് അബു അംറ, അലി റാഷിദ് സൈഫ് അൽ മൻസൂരി , മുൻദിർ കല്പകഞ്ചേരി, നിഹാസ് ഹാഷിം, കരിയർ ഗുരു കൺസൾട്ടന്റ് ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
ആദിൽ അബ്ദുസലാമിന്റെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു.