ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം കച്ചവടക്കാർക്ക് വിലക്ക്

മംഗളൂരു : കർണാടക സർക്കാരിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. മംഗളൂരു നഗരത്തിൽ കർണാടക സർക്കാരിന്റെ മുസ്രൈ വകുപ്പിന്റെ കീഴിലുള്ള കുടുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രത്തിൽ ഡിസംബർ 14 മുതൽ 19 വരെ നടക്കുന്ന ഷഷ്ഠി മഹോത്സവത്തിലാണ് മുസ്ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തിയത്.

സ്റ്റാളുകൾക്കായി സമീപിച്ച മുസ്ലിം വ്യാപാരികൾളോട് ഹിന്ദുക്കളുടെ പേരിൽ സ്റ്റാളുകൾ വാങ്ങി കച്ചവടം നടത്താനാണ് നിർദേശിച്ചതെന്ന് മുസ്ലിം കച്ചവടക്കാർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധമറിയിച്ച തെരുവ് കച്ചവടക്കാരുടെ സംഘടന, വിഷയത്തിൽ ഇടപെടണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.ക്ഷേത്രത്തിന് മുന്നിലെ പൊതുവഴിയിലാണ് കച്ചവടക്കാരുടെ സ്റ്റാളുകൾ സ്ഥാപിച്ചിരുന്നത്.

കഴിഞ്ഞ വർഷം മുതൽ തങ്ങൾക്ക് കച്ചവടം നടത്താൻ അനുമതി നിഷേധിക്കുന്നതായി മുസ്ലിം കച്ചവടക്കാർ അറിയിച്ചു.സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു രാജിവെക്കണമെന്ന് മുസ്ലിം വ്യാപാരികൾ ആവശ്യപ്പെട്ടു.