നവകേരള സദസ്, ഏറ്റുമാനൂരിൽ കടകൾ അടച്ചിടാൻ പൊലീസ് നിർദേശം

കോട്ടയം ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപമുള്ള കടകൾ ബുധനാഴ്ച രാവിലെ 6 മുതൽ പരിപാടി തീരുംവരെ അടച്ചിടണമെന്ന് പൊലീസ്. കോവിൽപാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പൊലീസ് നോട്ടിസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്നും നോട്ടിസിൽ പറയുന്നു.

ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടിസ് നൽകിയതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ, വ്യാപാരികളിൽനിന്ന് പ്രതിഷേധമുയർന്നതോടെ സിപിഎം പ്രദേശിക നേതൃത്വം ഇടപെട്ട് ഉത്തരവ് പിൻവലിപ്പിച്ചെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് ഔദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കിയിട്ടില്ല.