പാർലമെന്റിൽ കളർ ബോംബ് ആക്രമണം,ആറുപേരും ‘ഭഗത് സിങ് ഫാൻ ക്ലബ്ബ്’ അംഗങ്ങൾ

ഡൽഹി: പാർലമെന്റിൽ സുരക്ഷ ഭേദിച്ച് ‘കളർ ബോംബ് ആക്രമണം’ നടത്തിയ ആറുപേരും ‘ഭഗത് സിങ് ഫാൻ ക്ലബ്ബ്’ അംഗങ്ങൾ.ബ്രിട്ടീഷുകാർക്കെതിരായ വിപ്ലവ പ്രവർത്തനത്തിന്റെ ഭാഗമായി ഡൽഹി അസംബ്ലിയിലേക്ക് ബോംബെറിഞ്ഞ ഭഗത് സിങ്ങിനെയാണ് യുവാക്കൾ അനുകരിച്ചത്. ഭഗത് സിങ് ഫാൻ ക്ലബ്ബ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഭഗത് സിങ്ങിന്റെ ആശയഗതികൾ പിന്തുടരുന്ന ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിലെ അംഗങ്ങളാണിവർ.

ഇവർ ആറുപേരും ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുമായി ബന്ധമുള്ളവരല്ല.ഫ്രഞ്ച് അരാജകവാദിയായിരുന്ന ഓഗസ്റ്റ് വൈല്ലന്റ് പാരീസിലെ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ ആക്രമണം നടത്തിയ സംഭവം 1893ൽ നടന്നതിനെ അനുകരിച്ചാണ് ഭഗത് സിങ് ഡൽഹി അസംബ്ലി ആക്രമണം നടത്തിയത്. ലഖ്‌നൗ കാരനായ 27കാരൻ സാഗർ ശർമ്മ, മൈസൂരു സ്വദേശി ഡി മനോരഞ്ജൻ എന്നിവരാണ് കഴിഞ്ഞദിവസം പാർലമെന്റിന്റെ വിസിറ്റേഴ്സ് ചേംബറിൽ നിന്ന് താഴേക്ക് ചാടിയത്.

ഹരിയാന സ്വദേശി നീലം ദേവി (35), മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോല്‍ ഷിന്ദേ (25), വിശാൽ, ലളിത്, ഝാ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമാനചിന്താഗതിക്കാരായ ഈ യുവാക്കൾ ഒന്നര വർഷം മുമ്പാണ് പരിചയപ്പെടുന്നതും മൈസൂരുവിൽ ഒരുമിച്ചു കൂടുന്നതും. സർക്കാരിനെതിരെ ഒരു പ്രതീകാത്മക സമരം പാർലമെന്റിൽ നടത്താൻ ഇവർ തീരുമാനിച്ചു.ഇവരുടെ കൂട്ടത്തിലുള്ള സാഗർ കഴിഞ്ഞ ജൂലൈ മാസം പാർലമെന്റിനകത്ത് കടക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെ കടന്ന് പോകാനായില്ല. പക്ഷെ സ്ഥലത്തെ സുരക്ഷാ ഒരുക്കങ്ങൾ കണ്ട് മനസ്സിലാക്കാൻ അന്ന് സാധിച്ചു.

ഡിസംബർ മാസത്തിൽ പദ്ധതി നടപ്പാക്കാമെന്ന് ധാരണയായതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ഡൽഹിയിലേക്ക് പത്താംതിയ്യതി എത്തിച്ചേർന്നു. ലളിത്, ഝാ എന്നിവരാണ് പദ്ധതികൾ തയ്യാറാക്കിയത്. മഹാരാഷ്ട്രക്കാരനായ അമോൽ ഷിന്ദേ നാട്ടിൽ നിന്ന് ‘കളർ ബോംബ്’ കൊണ്ടുവന്നു. ഇവ ആഘോഷപരിപാടികളിൽ ഉപയോഗിക്കുന്നതാണ്. മനുഷ്യന് ഏതെങ്കിലും തരത്തിൽ ഹാനികരമല്ല. കുറച്ച് വർണ്ണപ്പുകയുണ്ടാക്കും എന്നുമാത്രം.ഇന്ത്യാ ഗേറ്റിൽ ഒരുമിച്ചു കൂടിയ എല്ലാവരുടെയും പക്കൽ അമോൽ കളർ ബോംബ് നൽകി. ഷൂവിൽ ഒളിപ്പിച്ചാണ് കളർ ബോംബ് പാർലമെന്റിനകത്ത് കയറ്റിയത്.

‘ഭാരത് മാതാ കി ജയ്’, ‘വിപ്ലവം ജയിക്കട്ടെ’, ഏകാധിപത്യം തകരട്ടെ, ഭഗത് സിങ് മരിക്കുന്നില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് യുവാക്കൾ പാർലമെന്റ് മന്ദിരത്തിൽ ഉയർത്തിയത്. സംഭവം നടക്കുമ്പോൾ ലളിത് പാർലമെന്റ് മന്ദിരത്തിനു പുറത്ത് നിൽപ്പായിരുന്നു. സംഭവം നടന്നെന്ന് മനസ്സിലാക്കിയതിനു പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. എല്ലാവരുടെയും ഫോണുകളും ഇയാളുടെ പക്കലാണ് ഉണ്ടായിരുന്നത്.