തൃശൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രാവിലെയായിരുന്നു അന്ത്യം. യുഡിഎഫ് സർക്കാരുകളില്‍ രണ്ടുവണ വനംമന്ത്രിയായിരുന്നു. ആറുതവണ എംഎൽഎയായിരുന്നു.
തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നായിരുന്നു ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ കോളേജിൽനിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയാണ്.
1991 മുതൽ 1994 വരെ കെ കരുണാകരൻ മന്ത്രിസഭയിലും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. രണ്ടുതവണയും കാലാവധി പൂർത്തിയാക്കാതെ രാജിവക്കേണ്ടിവന്നു. ആദ്യതവണ ഹൈക്കോടതി പരാമർശത്തിന്റെ പേരിലായിരുന്നു രാജി.