എസ്എഫ്ഐ യുടെ ബാനർ പൊലീസിനെകൊണ്ട് അഴിപ്പിച്ചു ഗവർണർ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ട് അഴിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പോലീസിനോട് കയര്‍ത്തുകൊണ്ടും എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടുംഞായറാഴ്ച രാത്രി ഗവര്‍ണര്‍ ബാനറുകള്‍ അഴിപ്പിക്കാന്‍ നേരിട്ട് രം​ഗത്ത് എത്തുകയായിരുന്നു.

ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചതില്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടാന്‍ ഗവര്‍ണര്‍ ഞായറാഴ്ച രാവിലെതന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബാനറുകള്‍ നീക്കാന്‍ രാത്രിയും അധികൃതര്‍ തയ്യാറാകാതിരുന്നതോടെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ നേരിട്ട് രംഗത്തിറങ്ങിയത്. ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും ബാനറുകള്‍ നീക്കിയില്ലെങ്കില്‍ ഇപ്പോള്‍തന്നെ അവിടെനിന്ന് പോകുമെന്നും എസ്.പിതന്നെ ബാനര്‍ നീക്കണമെന്നും ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു.

മലപ്പുറം എസ്.പിയുടെ സാന്നിധ്യത്തിലാണ് പോലീസുകാര്‍ മൂന്ന് കൂറ്റന്‍ ബാനറുകള്‍ അഴിച്ചുമാറ്റിയത്. ബാനറുകള്‍ പോലീസ് നീക്കിയതിന് തൊട്ടുപിന്നാലെ ഗവര്‍ണറുടെ കോലം കത്തിച്ച് ബാനറുകൾ വീണ്ടും കെട്ടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. തങ്ങളുടെ ഒരു ബാനര്‍ നീക്കിയാല്‍ പകരം നൂറ് ബാനര്‍ ഉയര്‍ത്തുമെന്ന വെല്ലുവിളി നേരത്തെ എസ്എഫ്‌ഐ നേതാക്കള്‍ മുഴക്കിയിരുന്നു.സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഗസ്റ്റ് ഹൗസിലേക്ക് നേരിട്ടെത്തുകയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.