കേരളത്തിന്റെ സമാധാനം തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ഗവർണർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദി. മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കേരളത്തിന്റെ സമാധാനം തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ഗവർണർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവർണർക്ക് മറ്റെന്തോ ഉദ്യോശ്യമുണ്ട്.കേന്ദ്രത്തിന്റെ പ്രതിനിധികളുമായി ആലോചിച്ചാണ് ഗവർണർ കാര്യങ്ങൾ ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന ബന്ധം വഷളാകണ്ടെങ്കിൽ തിരുത്തിക്കാൻ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലുഷിതമായ അന്തരീക്ഷമുണ്ടാക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. അതിന് ഗവർണർ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണ്.പ്രതിഷേധങ്ങൾക്കു നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കു നേരെ അദ്ദേഹം ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ എന്തൊക്കെയാണ്. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂർ എന്ന് പറഞ്ഞ് ഒരു നാടിനെ തന്നെ ആക്ഷേപിക്കുന്ന തരത്തിലേക്ക് എത്തി.‌

ഗവർണർ സ്ഥാനത്ത് ഇരുന്ന് നാടിനെ അപമാനിക്കുന്ന ആരിഫ് മുഹമ്മദ്‌ ഖാന് കണ്ണൂരിനെ കുറിച്ച് ഒന്നും അറിയില്ല. അസാധാരണമായ നടപടികളാണ് ഗവർണർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രകോപനം ഗവർണറുടെ ഭാഗത്ത് നിന്നാണെന്നും അദ്ദേഹത്തെ കയറൂരി വിടുന്നവരും ശ്രദ്ധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.