എച്ച്ഡിഎഫ്സി ബാങ്കിൽ പോലീസുകാർക്ക് ലോണില്ല, ആരോപണവുമായി പോലീസ് ഉദ്യോഗസ്ഥൻ

ജമ്മു കശ്മീർ : പോലീസുകാർക്ക് ലോൺ അനുവദിക്കാത്ത എച്ച് ഡി എഫ് സി ബാങ്കിന്റെ നിയമത്തിനെതിരെ പരാതിയുമായി ജമ്മു കാശ്മീരിലെ പോലീസ് ഉദ്യോഗസ്ഥൻ ഇമ്തിയാസ് ഹുസൈൻ. വ്യക്തിഗത ലോണിന് അപേക്ഷ സമർപ്പിച്ചപ്പോഴാണ് പോലീസുകാർക്ക് ലോൺ അനുവദിക്കാനാവില്ലെന്ന ബാങ്കിന്റെ നിയമം താൻ അറിഞ്ഞത്. ഇത്തരം ഒരു നിയമം വളരെ വേദനാജനകവും, അപനമാനകരവും ആണെന്നും, രാജ്യത്തിന് വേണ്ടി രാത്രിയും പകലും കഷ്ടപ്പെടുന്ന പോലീസുകാരോടുള്ള ഈ നിലപാട് അംഗീക്കരിക്കാനാവാത്തതാണെന്നും ഹുസൈൻ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

ഹുസൈന്റെ പോസ്റ്റ്‌ വൈറലായതോടെ സ്ഥിര വരുമാനം ഉണ്ടായിട്ടും തങ്ങളുടെ ജോലി കാരണം തങ്ങൾക്ക് ലോൺ ലഭിച്ചില്ല എന്ന പരാതിയുമായി നിരവധിപ്പേർ രംഗത്തെത്തി. 20 വർഷങ്ങൾക്ക് മുൻപ് ബാങ്കിൽ സാലറി അക്കൗണ്ട് വരെ ഉണ്ടായിരുന്നിട്ടും അവർ തനിക്ക് ഒരു കാർ ലോൺ നിഷേധിച്ചു ”എന്ന് എക്സ് യൂസറായ മോഹൻ സിൻഹ പറഞ്ഞു.ചെക്കുകളിൽ ഒപ്പിട്ട് വാങ്ങിയ ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നെ ബാങ്കിൽ നിന്ന് വിളിക്കുകയും ഞാനൊരു മാധ്യമ പ്രവർത്തകനായതുകൊണ്ട് എനിക്ക് ലോൺ തരാൻ കഴിയില്ലെന്നും പറഞ്ഞതായി ” മറ്റൊരാൾ കുറിച്ചു.

മാധ്യമ പ്രവർത്തകരുടെ കാര്യത്തിൽ ബാങ്കുകൾ പലപ്പോഴും ലോണുകൾ അനുവദിക്കാറില്ല  എന്ന് എക്സ് ഉപയോക്താവായ പ്രോമിത മുഖർജി  പറഞ്ഞു.ശമ്പളമുള്ള ആളുകൾക്ക് പ്രൈവറ്റ് ബാങ്കുകൾ ലോണുകൾ നിഷേധിക്കുകയും തട്ടിപ്പുകാരായ നീരവ് മോദി, മെഹുൽ ചൗക്സി, വിജയ് മല്യ എന്നിവർക്ക് വലിയ തുക ലോൺ അനുവദിക്കുകയും ചെയ്യുന്നുവെന്ന് ബന്ധിത് എന്ന എക്സ് ഉപയോക്താവ് പ്രതികരിച്ചു.

അങ്ങനെ ഒരു നിയമം തങ്ങളുടെ ബാങ്കിൽ ഇല്ലെന്നും, രാജ്യത്തുടനീളമുള്ള നിരവധി പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കളാണെന്നും ഹുസൈൻ നേരിട്ട പ്രശ്നം എന്തെന്നുള്ളത് ഞങ്ങൾ പരിശോധിക്കുമെന്നും പോസ്റ്റിന് മറുപടിയായി എച്ച്ഡിഎഫ്സി ബാങ്ക് പ്രതികരിച്ചു.