ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ അനുയായിയുടെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു

ന്യൂഡൽഹി : താരങ്ങളുടെ പ്രതിഷേധം ഫലം കാണുന്നു. ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ അനുയായി ആയ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തു കായിക മന്ത്രാലയം.പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും റദ്ദാക്കി. ലൈംഗിക പീഡനാരോപണം നേരിടുന്ന മുന്‍ പ്രസിഡന്‍റ് ബ്രിജ്ഭൂഷണ്‍ സിങ്ങിന്‍റെ വിശ്വസ്തൻ അധ്യക്ഷനായതില്‍ പ്രതിഷേധിച്ച് ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പിൽ 47 ൽ 40 വോട്ടുകളും സ്വന്തമാക്കി വിജയിച്ച സഞ്ജയ് സിങ് നെതിരെ ഒളിപ്യന്‍ ബജ്‌രങ് പുനിയ ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു.സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാറിന്റെ നീക്കം.